മമത സർക്കാരിന് വീണ്ടും പ്രഹരം, 5 ലക്ഷം ഒ.ബി.സി സർട്ടിഫിക്കറ്റ് കൽക്കട്ട ഹൈക്കോടതി റദ്ദാക്കി

Thursday 23 May 2024 4:16 AM IST

 37 വിഭാഗങ്ങളുടെ ഒ.ബി.സി പദവി റദ്ദാക്കി

ന്യൂഡൽഹി : പശ്ചിമബംഗാളിൽ 2010ന് ശേഷം നൽകിയ അഞ്ചുലക്ഷത്തിലേറെ ഒ.ബി.സി സർട്ടിഫിക്കറ്റുകൾ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. സംസ്ഥാനത്ത് രണ്ടുഘട്ടം വോട്ടെടുപ്പ് കൂടി നടക്കാനിരിക്കേ, വിധി മമത സർക്കാരിന് കനത്ത പ്രഹരമായി.

37 വിഭാഗങ്ങളെ കൂടി ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി 2012ൽ മമത സർക്കാർ കൊണ്ടുവന്ന നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്നും 2010 മുതൽ 37 വിഭാഗങ്ങൾക്ക് നൽകിയ ഒ.ബി.സി സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ തപബ്രത ചക്രബർത്തി, രാജശേഖർ മന്ത എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.

വെസ്റ്റ് ബംഗാൾ ബാക്ക്‌വേഡ് ക്ലാസസ് (അദർ ദാൻ ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) (റിസർവേഷൻ ഒഫ് വെക്കേൻസീസ് ഇൻ സർവീസസ് ആൻഡ് പോസ്‌റ്റ്സ്) 2012എന്ന നിയമത്തിലെ വ്യവസ്ഥകളാണ് റദ്ദാക്കിയത്. ഈ നിയമ പ്രകാരം ഒ.ബി.സി സർട്ടിഫിക്കറ്റിൽ ജോലി സംവരണം കിട്ടിയവർക്ക് ഉത്തരവ് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. പൊതുപ്രവർത്തകനായ അമൽ ചന്ദ്രദാസ് സമർപ്പിച്ച പൊതുതാത്പര്യഹർജിയിലാണ് ഉത്തരവ്.

ജോലിക്ക് കോഴ ആരോപണമുയർന്ന 25,000ൽപ്പരം അദ്ധ്യാപക - അദ്ധ്യാപകേതര നിയമനങ്ങൾ ഏപ്രിൽ 22ന് കൽക്കട്ട ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് സുപ്രീംകോടതി സ്റ്രേ ചെയ്‌തു. ഇന്നലത്തെ ഉത്തരവ് സ്റ്രേ ചെയ്യണമെന്ന സർക്കാർ ആവശ്യം അനുവദിച്ചില്ല.

റദ്ദാക്കാൻ കാരണങ്ങൾ

പിന്നോക്ക വിഭാഗമാണെന്ന് തെളിയിക്കുന്ന കണക്കുവേണം

സർക്കാർ സർവീസുകളിൽ അർഹമായ പ്രാതിനിധ്യമില്ലെന്നതിന് ഡേറ്റ വേണം

 പുതിയ ഒ.ബി.സി പട്ടിക തയ്യാറാക്കണം

ബംഗാളിലെ പിന്നോക്ക വിഭാഗ കമ്മിഷൻ 1993ലെ പിന്നോക്കവിഭാഗ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഒ.ബി.സി പട്ടിക തയ്യാറാക്കാനും കോടതി നിർദ്ദേശിച്ചു.

വിധി അംഗീകരിക്കില്ല, പാലിക്കില്ല. ഇപ്പോഴത്തെ സംവരണം തുടരും.

---മമത ബാനർജി, മുഖ്യമന്ത്രി

വിധി 'ഇന്ത്യ' സഖ്യത്തിനേറ്റ അടി. തൃണമൂൽ കോൺഗ്രസ് മുസ്ലിങ്ങൾക്ക് ഒ.ബി.സി സർട്ടിഫിക്കറ്റ് നൽകുന്നു. ഇത് വോട്ടുബാങ്ക് രാഷ്‌ട്രീയമാണ്.

--നരേന്ദ്രമോദി, പ്രധാനമന്ത്രി

Advertisement
Advertisement