വോട്ടെണ്ണൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Thursday 23 May 2024 12:21 AM IST
കണ്ണൂർ ലോകസഭ മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടു കലക്ടറുടെ ചേമ്പറിൽ വിളിച്ചു ചേർത്ത സ്ഥാനാർഥികളുടെയും ഇലക്ഷൻ ഏജന്റുമാരുടെയും യോഗം

ഇ.വി.എം വോട്ടെണ്ണാൻ 98 ടേബിളുകൾ, പോസ്റ്റൽ ബാലറ്റിന് 34

കണ്ണൂർ: ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ ജൂൺ നാലിന് രാവിലെ എട്ടിന് ചാല ചിൻടെക്കിൽ ആരംഭിക്കും. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. ഇ.വി.എമ്മിലെ വോട്ടെണ്ണുന്നതിന് 98 ടേബിളുകൾ സജ്ജമാക്കും. ഒരോ നിയമസഭാ മണ്ഡലത്തിനും 14 വീതം ടേബിളുകളാണ് ഒരുക്കുക. ഇതിനു പുറമെ പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് 34 ടേബിളുകളും ഉണ്ടാകും. ആദ്യം പോസ്റ്റൽ ബാലറ്റുകളായിരിക്കും എണ്ണുക.
സ്ഥാനാർത്ഥികളെയും അവരുടെ ഇലക്ഷൻ ഏജന്റിനെയും സ്ഥാനാർത്ഥികൾ നാമനിർദ്ദേശം ചെയ്യുന്ന കൗണ്ടിംഗ് ഏജന്റുമാരെയും മാത്രമേ കൗണ്ടിംഗ് ഹാളിൽ പ്രവേശിപ്പിക്കൂ. എല്ലാവർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ കണ്ണൂർ ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറിൽ വിളിച്ചു ചേർത്ത സ്ഥാനാർത്ഥികളുടെയും ഇലക്ഷൻ ഏജന്റുമാരുടെയും യോഗത്തിൽ അറിയിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ ബന്ധപ്പെട്ട അസി. റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് എണ്ണുക. ഒരു സ്ഥാനാർത്ഥിക്ക് 98 ഏജന്റുമാരെ വോട്ടുകൾ എണ്ണുന്ന ടേബിളുകളിലേക്ക് നിയോഗിക്കാം. അതുപോലെ 34 ഏജന്റുമാരെ പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്ന ടേബിളുകളിലേക്കും നിയോഗിക്കാം. റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ കലക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പോസ്റ്റൽ ബാലറ്റുകൾ എണ്ണുക. സർവ്വീസ് വോട്ടുകൾ സ്‌കാൻ ചെയ്യുന്നതിലേക്ക് 10 ടേബിളുകൾ ഉണ്ടാകും. സ്ഥാനാർത്ഥികൾക്ക് ഇവിടെ ഒരു ഏജന്റിനെ വെക്കാം. ടാബുലേഷൻ ടേബിളിലേക്ക് ഏജന്റുമാരെ അനുവദിക്കും.

യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, റൂറൽ പൊലീസ് മേധാവി എം. ഹേമലത, എ.ഡി.എം കെ. നവീൻ ബാബു, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി. രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

ഏജന്റുമാർക്ക് തിരിച്ചറിയൽ കാർഡ്

1.കൗണ്ടിംഗ് ഏജന്റ് പാസ്സിനുള്ള അപേക്ഷ കൗണ്ടിംഗ് ഏജന്റുമാരുടെ പേര്, വിലാസം, ഒപ്പ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫോറം 18ൽ സ്ഥാനാർത്ഥികളോ, രാഷ്ട്രീയ പാർട്ടി മുഖ്യ ഏജന്റുമാരോ നൽകേണ്ടതാണ്.

2.വോട്ടെണ്ണൽ ദിവസം തിരിച്ചറിയൽ കാർഡ് പരിശോധിച്ചായിരിക്കും കൗണ്ടിംഗ് ഏജന്റുമാരെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക. ഇവരുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഹാളിൽ പ്രവേശനം ഉണ്ടായിരിക്കില്ല.

3.വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇലക്ഷൻ കമ്മിഷൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥർക്ക് ഒഴികെ ആർക്കും തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുവാൻ അനുവാദമില്ല. ഫോണുകൾ ഇതിനായി സജ്ജീകരിക്കുന്ന കൗണ്ടറിൽ സൂക്ഷിക്കണം.

4.കൗണ്ടിംഗ് ആരംഭിച്ചു കഴിഞ്ഞാൽ ഏജന്റുമാരെ കൗണ്ടിംഗ് തീരുന്നതുവരെ പുറത്തുപോകാൻ അനുവദിക്കുന്നതല്ല.

Advertisement
Advertisement