മാമ്പഴം പഴുത്തതോ പഴുപ്പിച്ചതോ? തിരിച്ചറിയാന്‍ ചെയ്യേണ്ടത് ഒറ്റ കാര്യം

Wednesday 22 May 2024 9:55 PM IST

മാമ്പഴത്തിന്റെ സീസണായതോടെ കച്ചവടം പൊടിപൊടിക്കുകയാണ്. നല്ല രുചിയുള്ള പഴുത്ത മാമ്പഴം സ്വാദോടെ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരുടെ എണ്ണം കുറവാണ്. മാമ്പഴത്തോടുള്ള ഈ താത്പര്യമാണ് കച്ചവടക്കാര്‍ മുതലാക്കുന്നതും. ആവശ്യക്കാര്‍ കൂടുതലുള്ളതിനാല്‍ കൃത്രിമമായി പഴുപ്പിച്ച മാമ്പഴവും വിപണിയില്‍ സുലഭമാണ്. എളുപ്പത്തില്‍ പഴുപ്പിക്കാനായി പഴവര്‍ഗങ്ങളില്‍ ഉപയോഗിക്കുന്ന കാത്സ്യം കാര്‍ബൈഡ് തന്നെയാണ് മാമ്പഴത്തിലും ഉപയോഗിക്കുന്നത്.

കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നതില്‍ നിന്ന് 'ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. തലകറക്കം, ബലഹീനത, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛര്‍ദ്ദി, ചര്‍മത്തിലെ അള്‍സര്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. ഒറ്റനോട്ടത്തില്‍ പലപ്പോഴും മാമ്പഴം സ്വാഭാവികമായി ഴുത്തതാണോ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് തിരിച്ചറിയാനും കഴിയില്ല.

എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്വാഭാവികമായി പഴുത്തതോ അതോ കൃത്രിമമായി പഴുപ്പിച്ചതോയെന്ന് തിരിച്ചറിയാന്‍ കഴിയും. സ്വാഭാവികമായി പഴുത്ത മാമ്പഴത്തിന്റെ തൊലിയുടെ നിറത്തേക്കാള്‍ കൂടുതലായിരിക്കും കാത്സ്യം കാര്‍ബൈഡ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചവയ്ക്ക്. ഇതിന് കടുത്ത ഓറഞ്ച് നിറമോ അല്ലെങ്കില്‍ തിളക്കം കൂടുതലുള്ള മഞ്ഞ നിറമോ ആയിരിക്കും. അതുപോലെ തന്നെ സ്വാഭാവികമായി പഴുത്ത മാമ്പഴമാണെങ്കില്‍ അതിന് ഒരു പ്രത്യേക മണവും ഉണ്ടാകും. കൃത്രിമമായി പഴുപ്പിച്ചതില്‍ ഈ മണം ഉണ്ടാകില്ല.

കൃത്രിമമായി പഴുപ്പിച്ച മാമ്പഴം സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങളേക്കാള്‍ മൃദുവായിരിക്കും. ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ മാമ്പഴത്തിന്റെ തൊലിയെ മൃദുവാക്കും. കൃത്രിമമായി പഴുത്ത മാമ്പഴത്തിന് രാസവസ്തുക്കളുടെ ഉപയോഗം മൂലം ചതഞ്ഞ പാടുകള്‍ പോലുള്ള ബാഹ്യമായ കേടുപാടുകള്‍ ഉണ്ടാകാനും സാദ്ധ്യത കൂടുതലാണ്.

Advertisement
Advertisement