കൊട്ടിയൂർ വൈശാഖ മഹോത്സവം പെരുമാളുടെ തിരുവാഭരണങ്ങളുമായി ഭണ്ഡാരമെഴുന്നള്ളത്ത്

Thursday 23 May 2024 12:11 AM IST
വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള കുട എഴുന്നള്ളത്ത് മണത്തണയിൽനിന്ന് കൊട്ടിയൂരിലേക്ക് പുറപ്പെട്ടപ്പോൾ

കൊട്ടിയൂർ: വിശാഖം നാളായ ഇന്നലെ പെരുമാളുടെ തിരുവാഭരണങ്ങളുമായി ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിലെത്തി. ഇനി കൊട്ടിയൂർ പെരുമാൾക്ക് നിത്യപൂജയുടെ ദിനങ്ങൾ. അമ്മാറക്കൽ തറ, മലോം ദൈവസ്ഥാനം, വഴിവിളക്ക് എന്നിവിടങ്ങളിൽ മേൽക്കൂരയായി ഉപയോഗിക്കാനുളള കുടകളുമായുള്ള എഴുന്നള്ളത്ത് ഇന്നലെ രാവിലെ മണത്തണയിൽ നിന്ന് പുറപ്പെട്ട് സന്ധ്യയോടെ കൊട്ടിയൂരിലെത്തി.

മണത്തണയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഹോത്സവത്തിന്റെ ഭാഗമായുള്ള ഒട്ടേറെ ചടങ്ങുകൾ നടന്നു. യോഗി സമുദായത്തിലെ സ്ഥാനികർക്കായി പുതനാക്കൂലിൽ യോഗിയൂട്ട് നടത്തി. തുടർന്ന് കലശം വരവ്. കാവുതീണ്ടി പെരുവണ്ണാൻ രാത്രി കരിമ്പനയ്ക്കൽ ഗോപുരത്തിൽ എത്തി അറ തുറക്കാൻ അനുമതി നൽകി.

തേടൻ വാര്യർ കുത്തുവിളക്കുമായി ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ എത്തി അറിയിപ്പ് നൽകിയതിനെ തുടർന്ന് വാളശൻ സ്ഥാനികർ വാളുമായി കരിമ്പനയ്ക്കൽ ഗോപുരത്തിൽ എത്തി. ഭഗവതി കരിമ്പന ഗോപുരത്തിലെത്തി താക്കോൽ കൈമാറി. വളശ്ശന്മാരിലെ കാരണവർ അറയിൽ നിന്ന് ഭണ്ഡാരങ്ങൾ എടുത്ത് കണക്കപ്പിള്ളയെ ഏല്പിച്ചു. കണക്കപ്പിള്ള കുടിപതി കാരണവർക്ക് കൈമാറി. സ്വർണം, വെള്ളി പൂജാ പാത്രങ്ങളും, തിരുവാഭരണങ്ങളും കുടിപതി സ്ഥാനികർ ഏറ്റുവാങ്ങി. കാരണവർ മുതൽ സ്ഥാനം അനുസരിച്ച് പൂജാ പാത്രങ്ങളും, ആഭരണങ്ങളും കൈകളിൽ എടുത്തും കാവുകളാക്കി തോളിൽ വഹിച്ചും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.

എഴുന്നള്ളത്ത് കൊട്ടിയൂരിലെത്തുന്നതിന് മുൻപ് അഞ്ചിടത്ത് വാളാട്ടം നടത്തി. ഭണ്ഡാരം എഴുന്നള്ളത്ത്, ഇക്കരെ എത്തിച്ച മുതിരേരിവാൾ, ഇക്കരെ ക്ഷേത്രത്തിലെ ബലിബിംബങ്ങൾ എന്നിവ കൂടി ചേർന്ന് അക്കരെ ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ മണിത്തറയിലും, അമ്മാറക്കലും വിളക്കുകൾ തെളിയുകയും ഉത്സവത്തിൻ്റെ ഭാഗമായുള്ള പൂജാദികർമ്മങ്ങൾക്ക് തുടക്കവുമായി.
സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾക്ക് ദർശനത്തിനായി അക്കരെ പ്രവേശിക്കാൻ അനുമതിയായി.

Advertisement
Advertisement