പണിമുടക്കി സ്കാനിംഗ് യന്ത്രം, പണിപ്പെട്ട് രോഗികൾ

Thursday 23 May 2024 10:19 PM IST

കോട്ടയം: കഴിഞ്ഞ ദിവസം രാത്രി മരത്തിൽ നിന്ന് വീണതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയതാണ് തിരുവഞ്ചൂർ സ്വദേശി റെജിമോൻ. നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് എം.ആർ.ഐ സ്കാനിംഗിന് നിർദേശിച്ചു. എന്നാൽ ശീതീകരണ സംവിധാനം തകരാറിലായതിനെ തുടർന്ന് സ്കാനിംഗ് നടന്നില്ല. സ്വകാര്യ സ്കാനിംഗ് സെന്ററിനെ ആശ്രയിക്കാതെ മറ്റ് വഴിയുമില്ല. ഒരാഴ്ചയായി സ്കാനിംഗ് മിഷ്യൻ പ്രവർത്തിക്കാത്തതു മൂലം റെജിമോനെപ്പോലെ നൂറുകണക്കിന് പേരാണ് ബുദ്ധിമുട്ടുന്നത്.

കൊവിഡ് കാലത്താണ് ആറരക്കോടി രൂപ മുടക്കി അമേരിക്കൻ കമ്പനിയായ ജി.ഇയുടെ യന്ത്രം സ്ഥാപിച്ചത്. സുഗമമായ പ്രവർത്തനത്തിന് മുറിക്കുള്ളിൽ ഹിറ്റാച്ചി കമ്പനിയുടെ രണ്ട് ടൺ വീതമുള്ള എ.സിയുമുണ്ട്. ഇതിനിടെ ഹിറ്റാച്ചി കമ്പനി പ്രവർത്തനം നിർത്തി. സർവീസിനായി പ്രാദേശികമായി കരാറുണ്ടാക്കി. എ.സിയുടെ പ്രവർത്തനം നിലച്ചതോടെ മിഷ്യൻ പ്രവർത്തിപ്പിക്കാനാവാതെയായി. മാസങ്ങളായി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഒ.പി രോഗികളും മെഡിക്കൽ കോളേജിലെത്തിയ ശേഷം നിരാശരായി മടങ്ങുകയാണ്. എ.സി തകരാറിലായതിനെ തുടർന്ന് ചില രോഗികളെ സ്‌കാനിംഗിന് വിധേയരാക്കിയിരുന്നെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ നിർത്തിവയ്ക്കുകയായിരുന്നു. സ്‌കാനിംഗ് നടക്കാത്തതിനാൽ രോഗനിർണയം നടത്താനാവാതെ ഡോക്ടർമാരും ബുദ്ധിമുട്ടുകയാണ്. ഉയർന്ന ചെലവിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്‌കാൻ ചെയ്യേണ്ട അവസ്ഥ സാധാരണക്കാരായ രോഗികളെ സാമ്പത്തികമായി വലയ്ക്കുകയാണ്‌.

 24 മണിക്കൂറും പ്രവർത്തനം

2020 മുതൽ മുഴുവൻ സമയവും സ്കാനിംഗ് മിഷ്യൻ പ്രവർത്തിക്കുന്നതാണ് എ.സിയുടെ തകരാറിന് കാരണം. ദിവസവും 20-25 പേരുടെ സ്കാനിംഗാണ് ചെയ്യുന്നത്. ഒ.പി രോഗികളുടെ സ്കാനിംഗ് പകലും അഡ്മിറ്റായവരുടേത് രാത്രിയും. ഒ.പി രോഗികളുടെ സ്കാനിംഗ് ഇപ്പോൾ വീണ്ടും നീക്കിവയ്ക്കുകയാണ്. കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട ജില്ലക്കാരാണ് കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത്.

പുതിയ എ.സി നാളെ ഫിറ്റ് ചെയ്യും. ഇതോടെ പ്രശ്നം പരിഹരിക്കും. ഒക്ടോബറിൽ ഒരു സ്കാനിംഗ് യന്ത്രം കൂടി സജ്ജമാകും'' ഡോ.രതീഷ് കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട്

Advertisement
Advertisement