കാപ്പ ഉത്തരവുകൾ ലംഘിച്ച ഗുണ്ടകൾ അറസ്റ്റിൽ

Thursday 23 May 2024 1:23 AM IST

ചാരുംമൂട്:നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പ ഉത്തരവുകൾ ലംഘിച്ച ഗുണ്ടകൾ അറസ്റ്റിൽ. പാലമേൽ വില്ലേജിൽ ഉളവുക്കാട് കോടൻപറമ്പിൽ വീട്ടിൽ മുഹമ്മദ് ഹഫീസ് (കുഞ്ഞിക്കണ്ണൻ -24) എന്നയാളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 21 മുതൽ 9 മാസക്കാലത്തേക്കാണ് ജില്ലയിൽ ഇയാളുടെ സഞ്ചലനം നിരോധിച്ചുകൊണ്ട് എറണാകുളം റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പുട്ട വിമലാദിത്യഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. നൂറനാട് 5 ലധികം കേസുകളിൽ ഇയാൾ പ്രതിയാണ്. ഇയാൾ ഉത്തരവ് ലംഘിച്ച് ഞായറാഴ്ച വൈകിട്ട് 6 ഓടെ നൂറനാട് കിടങ്ങയം ഭാഗത്ത് വന്നതായി വിവരം ലഭിച്ചതോടെ സി.ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിൽ പിൻതുടർന്ന് പിടികൂടി. മുഹമ്മദ് ഹഫീസിന്റെ കൂട്ടാളിയായ ഉളവുകാട് വിഷ്ണു ഭവനം കണ്ണൻ സുഭാഷിനെ (22) കാപ്പാ നിയമപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി യുടെ കാര്യാലയത്തിൽ മാസത്തിൽ 2 തവണ റിപ്പോർട്ട് ചെയ്യാനായിരുന്നു ഉത്തരവ്. എന്നാൽ ഇയാൾ ഉത്തരവ് ലംഘിച്ചു മുങ്ങി നടക്കുകയായിരുന്നു. ഇയാളെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇരുവരേയും മാവേലിക്കര ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി -2 ൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement