മക്കുവള്ളിയിൽ കാട്ടാനശല്യം രൂക്ഷം

Thursday 23 May 2024 10:38 PM IST

ചെറുതോണി: കഞ്ഞിക്കുഴി മക്കുവള്ളിയിൽ കാട്ടാനശല്യം രൂക്ഷമായി. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ഒന്നരയേക്കറോളം സ്ഥലത്തെ കൃഷികൾ നശിപ്പിച്ചു. മക്കുവള്ളി തണ്ടേൽ ഷിന്റോ ടി. കുര്യന്റെ പുരയിടത്തിലെ കുലച്ച നൂറ്റമ്പതോളം വാഴകളും ഇരുന്നൂറിലധികം കപ്പയുമാണ് കാട്ടാന രണ്ടു ദിവസങ്ങളായി നശിപ്പിച്ചത്. സി.പി. രാമസ്വാമിയുടെ കാലത്ത് ജനങ്ങളെ കുടിയിരുത്തിയ പ്രദേശമാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി മനയത്തടം മേഖല. ഓരോ വർഷവും കാട്ടുമൃഗശല്യം മൂലം ഇവിടെ നിന്ന് ആളുകൾ ഒഴിഞ്ഞു പോകുന്നുണ്ട്. ഷിന്റോയെ പോലെ ശേഷിക്കുന്നവർ ഏറെ പ്രതീക്ഷയോടെ ചെയ്യുന്ന കൃഷികളും കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നതോടെ ഇനിയെന്ത് മാർഗ്ഗം എന്ന ചിന്തയിലാണ് മക്കുവള്ളിയിലെ കർഷകർ. സ്വന്തം അധ്വാനത്തിനു പുറമേ സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയ പണം കൂടി ചെലവഴിച്ചാണ് ഷിന്റോ കൃഷിയിറക്കിയത്. കാട്ടാന കൃഷി തകർത്തതോടെ കടം വീട്ടാൻ പോലും കഴിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഇവിടത്തെ കർഷകർ.

Advertisement
Advertisement