കാർഷിക സൂപ്പർ മാർക്കറ്റിൽ തീപിടിത്തം
ഹരിപ്പാട്: തീപിടുത്തത്തിൽ അഗ്രികൾച്ചർ സൂപ്പർമാർക്കറ്റ് കത്തിച്ചാമ്പലായി. ദേശീയപാതക്കരികിൽ കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കർഷകൻ്റെ കട എന്ന പേരുള്ള കാർഷിക ഉപകരണങ്ങളും സാധനസാമഗ്രികളും വിൽപ്പന നടത്തുന്ന സ്ഥാപനമാണ് പൂർണമായും നശിച്ചത്. കരുവാറ്റ ലൈലാ നിവാസിൽ സനൽ മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കട. വീടിനോട് ചേർന്നാണ് കട പ്രവർത്തിച്ച് വന്നത്. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസികളാണ് സനൽ മുഹമ്മദിനെ വിവരമറിയിച്ചത്. അപ്പോഴേക്കും മേൽക്കൂരയിലേക്ക് തീ പടർന്ന് പിടിച്ച് ആളിപ്പടരുന്ന അവസ്ഥയിലെത്തി. അഗ്നി രക്ഷാ സേനയെ അറിയിച്ച ശേഷം സനൽ മുഹമ്മദും അയൽവാസികളും ചേർന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തതിനാൽ സമീപത്തെ വീട്ടിലേക്ക് തീ പടരുന്നത് തടയാനായി. ഹരിപ്പാട് നിന്നും അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയപ്പോഴേക്കും കടയും അതിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ സാധനസാമഗ്രികളും പൂർണമായും കത്തിയമർന്നിരുന്നു. കടക്കുള്ളിൽ തീ വ്യാപിച്ചതിന് ശേഷമാണ് മേൽക്കൂരയിലേക്ക് തീ പടർന്നത്. ഇതു മൂലമാണ് തീപിടുത്തം അറിയാതെ പോയത്. 25 ലക്ഷം രൂപയുടെ സാധനങ്ങൾ പൂർണമായും കത്തിച്ചാമ്പലായതായി സനൽ മുഹമ്മദ് പറഞ്ഞു.