വള്ളങ്ങൾക്ക് ഭീഷണിയായി ഹാർബറിലെ ആഴക്കുറവ്

Thursday 23 May 2024 1:46 AM IST

അമ്പലപ്പുഴ : തോട്ടപ്പള്ളി ഹാർബറിലെ ആഴക്കുറവ് മത്സ്യബന്ധന വള്ളങ്ങൾക്ക് ഭീഷണിയാകുന്നു. ജില്ലയിൽ നിന്നുള്ള നൂറുകണക്കിന് മൽസ്യബന്ധന യാനങ്ങൾ എത്തുന്ന ഹാർബറാണ് മണലും ചെളിയും അടിഞ്ഞ് വളളങ്ങൾക്ക് അപകടക്കെണിയാകുന്നത്. 2010ലാണ് 14 കോടി രൂപ ചെലവഴിച്ചു തോട്ടപ്പള്ളി ഹാർബർ നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഹാർബർ നിർമാണത്തിലെ അപാകത മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടിയിരുന്നു. അശാസ്ത്രീയമായ നിർമ്മാണ രീതിയാണ് മണ്ണടിഞ്ഞു കയറാൻ പ്രധാന കാരണം. ഹാർബറിൻ്റെ തെക്ക് ഭാഗത്തെ പുലിമുട്ടിന് 470 മീറ്റർ നീളവും വടക്കേ പുലിമുട്ടിന് 146 മീറ്റർ നീളാവുമാണുള്ളത്. ഹാർബറിന്റെ ഉൾഭാഗത്ത് തെക്ക് വടക്കായി 180 മീറ്ററും കിഴക്ക് പടിഞ്ഞാറായി 215 മീറ്ററുമാണ് ആഴം.

വള്ളങ്ങൾക്ക് കയറാൻ പറ്റുന്നില്ല

 ഹാർബറിന്റെ വീതിക്കുറവും ആഴമില്ലായ്മയുമാണ് അപകടം വിളിച്ചു വരുത്തുന്നത്

 വള്ളങ്ങൾക്ക് സുഗമമായി ഹാർബറിലേക്ക് കയറാൻ പറ്റുന്നില്ലെന്ന് പരാതി

 ചാകര സീസണായാൽ നൂറുകണക്കിന് വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിലെത്തുന്നത്

 വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവാകുമ്പോഴും യാതൊരു നടപടിയുമില്ല

യന്ത്രവത്കൃത ബോട്ടുകളും വള്ളങ്ങളുമടക്കം 300ഓളം മത്സ്യബന്ധനയാനങ്ങളിൽ നിന്നുള്ള മത്സ്യങ്ങൾ നിറക്കുന്ന കുട്ടകൾ ഇറക്കി വെക്കാനുള്ള ലേല ഹാളാണ് ഹാർബറിലുള്ളത്. സ്ഥലസൗകര്യവും കെട്ടിടവുമുണ്ടെങ്കിലും വള്ളങ്ങൾക്ക് ഹാർബറിലേക്ക് കയറാൻ പറ്റുന്നില്ല

- മത്സ്യത്തൊഴിലാളികൾ

Advertisement
Advertisement