സുനിത രാഷ്ട്രീയത്തിലേക്കില്ല; കേജ്‌രിവാൾ

Thursday 23 May 2024 1:10 AM IST

ന്യൂഡൽഹി: ഭാര്യ സുനിത കേജ്‌രിവാൾ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ. സുനിതയ്‌ക്ക് സജീവ രാഷ്ട്രീയത്തോട് താത്പര്യമില്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പറഞ്ഞു.

കേജ്‌രിവാൾ ജയിലിലായിരുന്ന സമയത്ത് അദ്ദേഹത്തിനുവേണ്ടി പ്രവർത്തിച്ചത് സുനിതയായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കേജ്‌രിവാൾ.

 മാതാപിതാക്കളെ ചോദ്യംചെയ്യാൻ ശ്രമം

സ്വാതി മലിവാൾ വിഷയത്തിൽ തന്റെ വൃദ്ധരായ മാതാപിതാക്കളെ ഇന്ന് ഡൽഹി പൊലീസ് ചോദ്യംചെയ്‌തേക്കുമെന്ന് കേജ്‌രിവാൾ എക്‌സിൽ കുറിച്ചു. 85 വയസുള്ള മാതാപിതാക്കൾ മലിവാളിന് നേരെ കൈയുയർത്തി എന്നാണോ പ്രധാനമന്ത്രിയും അമിത് ഷായും പറയുന്നതെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി ചോദിച്ചു.അതേസമയം, പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാ‌ർ മലിവാളിനെ ആക്രമിച്ചെന്ന ആരോപണത്തിൽ രണ്ടുവശമുണ്ടെന്ന് കേജ്‌രിവാൾ പ്രതികരിച്ചു. ന്യായമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നത്. കോടതിയിലിരിക്കുന്ന വിഷയമായതിനാൽ കൂടുതൽ പരാമർശങ്ങൾ നടത്തുന്നത് നടപടികളെ ബാധിക്കും. സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് താൻ വസതിയിലുണ്ടായിരുന്നു. എന്നാൽ, സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. തെളിവുകൾ നശിപ്പിച്ച ശേഷം കേജ്‌രിവാൾ ന്യായവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യപ്പെടുന്നുവെന്ന് മലിവാൾ പരിഹസിച്ചു.

Advertisement
Advertisement