യു.പിയിൽ 79 സീറ്റെന്നത് 'ഇന്ത്യ" , സഖ്യത്തിന്റെ ദിവാസ്വപ്നം: മോദി

Thursday 23 May 2024 1:15 AM IST

ബസ്തി: ഉത്തർപ്രദേശിൽ 79 സീറ്റിൽ വിജയിക്കുമെന്നത് കോൺഗ്രസിന്റെയും സമാജ്‌വാദി പാർട്ടിയുടെയും ദിവാസ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തർപ്രദേശിലെ ബസ്തിയിൽ ഇന്നലെ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിവാസ്വപ്നം എന്നൊക്കെ കേട്ടിട്ടേയുള്ളൂ. ഇപ്പോഴാണത് മനസിലാക്കുന്നത്. ഉത്തർപ്രദേശിൽ 79 സീറ്റിൽ വിജയിക്കുമെന്നാണ് കോൺഗ്രസിന്റെയും എസ്.പിയുടെയും നേതാക്കളായ 'രാജകുമാരന്മാർ" പറയുന്നത്. ആ ദിവാസ്വപ്നത്തിൽ നിന്ന് ജൂൺ നാലിന് ജനം അവരെ ഉണർത്തും. അന്നവർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ കുറ്റംപറയും.

പാകിസ്ഥാന് ആറ്റംബോംബുണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾ ഇന്ത്യയിലെ ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. പാകിസ്ഥാൻ ഇന്ത്യയോട് പരാജയപ്പെട്ടിട്ടേയുള്ളൂ. ഇന്ത്യ ഭരിക്കുന്നത് ദുർബലരായ കോൺഗ്രസ് സർക്കാരല്ല. ആക്രമിക്കുന്നവരുടെ വീട്ടിൽ കയറി ആക്രമിക്കുന്ന ശക്തമായ രാജ്യമാണ് ഇന്ന് ഇന്ത്യ. ആറാംഘട്ട തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ജനം അവരുടെ വോട്ടവകാശം പ്രയോജനപ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു.

Advertisement
Advertisement