മ‌ഞ്ഞുമ്മൽ ബോയ്‌സിനെതിരെ ഇളയരാജ,​ പകർപ്പവകാശ ലംഘനത്തിന് നഷ്ടപരിഹാരം നൽകണം,​ വക്കീൽ നോട്ടീസയച്ചു

Wednesday 22 May 2024 11:24 PM IST

ചെന്നൈ : സമീപകാലത്ത് മലയാളത്തിലെ പണംവാരിപ്പടമായ മഞ്ഞുമ്മൽ ബോയ്‌സിനെതിരെ പകർപ്പകാശ ലംഘന പരാതിയുമായി വിഖ്യാത സംഗീതജ്ഞൻ ഇളയരാജ. ചിത്രത്തിലെ ' കൺമണി അൻപോട്' ഗാനം ഉൾപ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാണിച്ചാണ് ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസയച്ചത്.

കൺമണി അൻപോട് ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് ഇളയരാജ വ്യക്തമാക്കി. ടൈറ്റിൽകാർഡിൽ പരാമർശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസിൽ പറയുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീൽ നോട്ടീസിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

നേരത്തെ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ ഗൂഢാലോചന,​ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചു നൽകിയ കേസിലെ തുടർനടപടികൾ കോടതി സ്റ്റേ ചെയ്തിരുന്നു. നിർമ്മാതാക്കളായ പറവ നിർമ്മാണ കമ്പനിയുടെ പാർട്‌ണർ ബാബു ഷാഹിർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ സൗബിന്റെയും ഷോൺ ആൻ്റണിയുടെയും അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു. സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്ന് ആരോപിച്ച് സിറാജ് വലിയതറയിലിന്റെ പരാതിയിലായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തത്. 200 കോടിയോളം രൂപ നേടി ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും വൻസ്വീകാര്യത നേടിയിരുന്നു.

Advertisement
Advertisement