ബി.ജെ.പി ജയം പ്രവചിച്ച് യു.എസ് തിര.വിദഗ്‌ദ്ധൻ

Thursday 23 May 2024 1:24 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 300ൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും എൻ.ഡി.എ മൂന്നാമതും അധികാരത്തിലേറുമെന്നും യു.എസിലെ തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ ഇയാൻ ബ്രെമ്മർ പ്രവചിച്ചു. ബി.ജെ.പി 305-310 വരെ സീറ്റുകൾ നേടുമെന്നാണ് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ബ്രെമ്മർ പ്രവചിക്കുന്നത്.

2019ലേതിന് സമാനമായ സാഹചര്യമാണ് ഇന്ത്യയിലെന്ന് ബ്രെമ്മർ പറഞ്ഞു. വളരെക്കാലം മോശം അവസ്ഥയിലായിരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ മികച്ചതാണെന്നും അതിന്റെ ഗുണം മോദി സർക്കാരിന് തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സുതാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുറേഷ്യ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ഇദ്ദേഹം.

തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോറും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിക്കുമെന്ന് പ്രവചിച്ചിരുന്നു. ബി.ജെ.പി 270 സീറ്റിൽ താഴെ പോകില്ലെന്നും 300-ലധികം സീറ്റുകൾ നേടുമെന്നും കിഷോർ പറഞ്ഞു.

ബി.ജെ.പി പ്രതിരോധത്തിലായ സമയങ്ങളിൽ തങ്ങൾക്ക് കിട്ടിയ അവസരങ്ങൾ 'ഇന്ത്യ' സഖ്യം നഷ്ടപ്പെടുത്തി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരാളെ ചൂണ്ടിക്കാട്ടാൻ 'ഇന്ത്യ" സഖ്യത്തിന് സാധിച്ചില്ല. സഖ്യത്തിൽ പാർട്ടികൾ പരസ്പരം പോരടിക്കുന്നു. എൻ.ഡി.എ സർക്കാരിന്റെ കൊവിഡ് കാലത്തെ വിവാദ തീരുമാനങ്ങളൊന്നും ഉപയോഗപ്പെടുത്താൻ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്നും പ്രശാന്ത് കിഷോർ വിമർശിച്ചു.

Advertisement
Advertisement