'താരപ്രചാരകരെ നിയന്ത്രിക്കണം": ബി.ജെ.പിക്കും കോൺഗ്രസിനും തിര.കമ്മിഷന്റെ മുന്നറിയിപ്പ്

Thursday 23 May 2024 1:29 AM IST

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലികളിൽ താരപ്രചാരകരുടെ പ്രകോപന പ്രസംഗങ്ങൾ നിയന്ത്രിക്കണമെന്ന് കോൺഗ്രസിനും ബി.ജെ.പിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഹുൽ ഗാന്ധിയുടെയും പേരു പറയാതെയാണ് പാർട്ടി അദ്ധ്യക്ഷന്മാർക്കുള്ള മുന്നറിയിപ്പ്. പ്രകോപന പ്രസംഗത്തിന്റെ പേരിൽ രണ്ടാം തവണയാണ് പ്രധാന നേതാക്കളുടെ പേരു പറയാതെയുള്ള കമ്മിഷൻ ഇടപെടൽ.

മോദിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസും രാഹുലിനെതിരെ ബി.ജെ.പിയും നൽകിയ പരാതികൾ തള്ളിയാണ് കമ്മിഷൻ ശാസനാ രൂപത്തിൽ മുന്നറിയിപ്പ് നൽകിയത്. പ്രകോപന പ്രസംഗങ്ങളിലൂടെ തിരഞ്ഞെടുപ്പ് പൈതൃകത്തെയും ജനാധിപത്യത്തെയും ദുർബലപ്പെടുത്തുന്ന സാഹചര്യം അനുവദിക്കാനാകില്ല. തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ സാമൂഹിക-സാംസ്കാരിക ചുറ്റുപാടുകളെ ബാധിക്കരുത്. രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്നത് ജയിക്കാൻ മാത്രമല്ല, മികച്ച രീതിയിൽ സ്വയം അവതരിപ്പിച്ച് സമൂഹത്തിന് പുതിയ പ്രതീക്ഷകൾ നൽകാനും കൂടിയാണ്. തിരഞ്ഞെടുപ്പുകൾ വല്ലപ്പോഴുമുള്ള പ്രക്രിയയാണ്. രാജ്യത്തിനായി നേതാക്കളെ വളർത്തിയെടുക്കേണ്ട പാർട്ടികളിൽ നിന്ന്, പ്രത്യേകിച്ച് മുതിർന്ന നേതാക്കളിൽ നിന്ന് അച്ചടക്ക, പെരുമാറ്റ ലംഘനമുണ്ടാകുന്നത് ശരിയല്ല.

ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ, ഇന്ത്യയുടെ വൈകാരികമായ സാമൂഹിക പശ്‌ചാത്തലവുമായി യോജിച്ച രീതിയിൽ പ്രചാരണം നടത്താൻ ബി.ജെ.പിക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്‌ക്ക് അയച്ച കത്തിൽ കമ്മിഷൻ ചൂണ്ടിക്കാട്ടി.

 സേനകളെയും ഭരണഘടനയെയും വെറുതെ വിടു

രാജ്യത്തിന്റെ സാമൂഹിക പശ്‌ചാത്തലത്തിന് അനുയോജ്യമായ പ്രചാരണ രീതികൾ അവലംബിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയ്‌ക്കും നിർദ്ദേശം ലഭിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം പ്രകാരം നിരോധിച്ച പ്രസ്താവനകൾ ഒഴിവാക്കാൻ താര പ്രചാരകർക്ക് നിർദ്ദേശം നൽകണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സായുധ സേനയുടെ പ്രവർത്തനങ്ങളെ പരാമർശിക്കരുത്. സായുധ സേനയിലെ സാമൂഹിക-സാമ്പത്തിക ഘടനയെ സംബന്ധിച്ച രാഷ്‌ട്രീയ പ്രസ്‌താവനകൾ ഒഴിവാക്കണം. 'ബി.ജെ.പി ഇന്ത്യൻ ഭരണഘടന റദ്ദാക്കുമെന്നും വിൽക്കുമെന്നും" മറ്റുമുള്ള പരാമർശം ഒഴിവാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ റാലികളിലെ സ്ഥിരം പരാമർശങ്ങളാണിവ.

Advertisement
Advertisement