'രാത്രി ഉണർന്നിരുന്ന് ജോലി ചെയ്യുന്നു": പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗത്തിനോട് സുപ്രീംകോടതി

Thursday 23 May 2024 1:32 AM IST

ന്യൂഡൽഹി: അവധിക്കാലത്തും ജഡ്‌ജിമാർ രാത്രിയിൽ ഉണർന്ന് ജോലി ചെയ്യുകയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാലിന് സുപ്രീംകോടതിയുടെ മറുപടി. സുപ്രീംകോടതിയും ഹൈക്കോടതികളും കുറച്ചു മണിക്കൂറുകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും, നീണ്ട അവധിക്കാലവുമാണെന്ന സഞ്ജീവ് സന്യാലിന്റെ പരാമർശത്തിനാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ മറുപടി നൽകിയത്.

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ചിരുന്ന ഇ.ഡി അറസ്റ്രിനെതിരെയുള്ള ഹ‌ർജി ഇന്നലെ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ മറുപടി. ജഡ്‌ജിമാരുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകുമ്പോഴും ഇത്തരത്തിൽ പരാമർശമുണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. ഭരണത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ് ഇങ്ങനെ പറയുന്നത്. ഒരു കേസ് പോലും സർക്കാർ കൃത്യസമയത്ത് സമർപ്പിക്കുന്നില്ല. നിയമപ്രകാരമുള്ള സമയപരിധിയും അവസാനിച്ച ശേഷമാണ് കേസുകളുടെ ഫയലിംഗ്. ജുഡിഷ്യറിയെ അപകീർത്തിപ്പെടുത്തുന്നവർ ഇക്കാര്യവും ശ്രദ്ധിക്കണം. കോടതിയുടെ പ്രതികരണം സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശരിവച്ചു. ഏറ്റവും ദൈർഘ്യമേറിയതും, കഠിനവുമായ ജോലിസമയമാണ് സുപ്രീംകോടതിയിലുള്ളതെന്ന് തുഷാർ മേത്ത പറഞ്ഞു.

മദ്ധ്യവേനൽ അവധിക്കായി സുപ്രീംകോടതി അടച്ചിട്ടിരിക്കുകയാണ്. അവധിക്കാല ബെഞ്ച് മാത്രമാണ് സിറ്റിംഗ് നടത്തുന്നത്. ജൂലായ് എട്ടിന് വീണ്ടും തുറക്കും.

Advertisement
Advertisement