ബംഗ്ലാദേശ് എം.പി കൊൽക്കത്തയിൽ കൊല്ലപ്പെട്ടു ; മൂന്ന് പ്രതികൾ അറസ്റ്റിൽ

Thursday 23 May 2024 12:44 AM IST

കൊൽക്കത്ത: ചികിത്സയ്ക്കായി എത്തിയ ബംഗ്ലാദേശ് എം.പി അൻവറുൾ അസിം അനാറിനെ ( 56) കൊൽക്കത്തയിലെ ഫ്ലാറ്റിൽ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ ബംഗ്ലാദേശിൽ അറസ്റ്ര് ചെയ്‌തു. പ്രതികൾ ബംഗ്ലാദേശികളാണെന്നും ആസൂത്രിത കൊലപാതകമാണെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമൻ ഖാൻ ഇന്നലെ ഢാക്കയിൽ അറിയിച്ചു.

ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് പാർട്ടിയുടെ മുതിർന്ന നേതാവായ അൻവറുൾ അസിം മൂന്ന് തവണയായി എം. പിയാണ്. ബംഗ്ലാദേശിൽ കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധമായ ജനയ്ദ - 4 മണ്ഡലത്തിന്റെ എം. പി. ആയിരുന്നു അദ്ദേഹം.

ഈ മാസം 12നാണ് കൊൽക്കത്തയിൽ എത്തിയത്. മൃതദേഹം ഇന്നലെ ന്യൂടൗണിലെ ആഡംബര ഫ്ലാറ്റിലാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. കൊലയുടെ കാരണങ്ങൾ അറിവായിട്ടില്ല.

കൊൽക്കത്തയിൽ സുഹൃത്തായ ഗോപാൽ ബിശ്വാസിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. 13ന് ഉച്ചയ്‌ക്ക് സുഹൃത്തുക്കൾക്കൊപ്പം ബിധൻ നഗറിലുള്ള ഒരു വീട്ടിൽ മെഡിക്കൽ പരിശോധനയ്ക്ക് പോയി. അന്നാണ് അദ്ദേഹത്തെ അവസാനം കണ്ടതെന്ന് സുഹൃത്തുക്കൾ പറയുന്നു. ഢാക്കയിലെ ബന്ധുക്കൾ കൊൽക്കത്തയിലെ സുഹൃത്തിനയച്ച മൊബൈൽ സന്ദേശങ്ങളിൽ അസീം ഡൽഹിക്ക് പോകുമെന്ന് അറിയിച്ചിരുന്നു. 16ന് രാവിലെ അസീം തന്റെ പി. എയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് പി. എ തിരിച്ചു വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. അസീമിനെ ഫോണിൽ ബന്ധപ്പെടാനാവുന്നില്ലെന്ന് മകളും അറിയിച്ചതോടെ 18ന് ഗോപാൽ

ബിശ്വാസ് ബിധൻ നഗർ പൊലീസിൽ പരാതി നൽകി.

കുറേ നാളായി അദ്ദേഹം വാടകയ്ക്കെടുത്തിട്ടുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ചിലർ പതിവായി എത്താറുണ്ടെന്ന് മറ്റ് താമസക്കാർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇതിനിടെ, ‌എം.പിയുടെ കുടുംബം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കണ്ട് പരാതി ഉന്നയിക്കുകയും നയതന്ത്രതലത്തിൽ ഇടപെടുകയും ചെയ്‌തു.

അന്വേഷണം ആരംഭിച്ചു

എം.പിയുടെ മരണത്തിൽ ഇന്ത്യയും ബംഗ്ലാദേശും സംയുക്ത അന്വേഷണം ആരംഭിച്ചു. നടപടിക്രമങ്ങൾക്കായി അസിമിന്റെ കുടുംബാംഗങ്ങൾ കൊൽക്കത്തയിലെത്തും.

കൊൽക്കത്തയിലേക്ക് പതിവായി യാത്ര ചെയ്യുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

Advertisement
Advertisement