കേജ്‌രിവാളിനെതിരെ ചുവരെഴുത്ത് : ബാങ്ക് മാനേജർ പിടിയിൽ ; ജാമ്യം

Thursday 23 May 2024 12:46 AM IST

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനുകളിലും ചില ട്രെയിനുകളിലുംചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ 33കാരൻ അറസ്റ്റിലായി. ഉത്തർപ്രദേശ് ബറേലിയിലെ അങ്കിത് ഗോയലിനെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ബറേലിയിൽ ബാങ്ക് മാനേജരാണ് അങ്കിത്. ഇന്നലെ വൈകീട്ടോടെ ഡൽഹി തീസ് ഹസാരി കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് ചുമത്തിയതെന്ന് സൂചനയുണ്ട്. മേയ് 20നാണ് പട്ടേൽ നഗർ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനുകളിലും ചില ട്രെയിനുകളിലും കേജ്‌രിവാളിനെതിരെ ഗ്രാഫിറ്റികൾ പ്രത്യക്ഷപ്പെട്ടത്. കേജ്‌രിവാൾ ഡൽഹി വിട്ടുപോകണം, സൗജ്യനങ്ങൾ വേണ്ട തുടങ്ങിയവയാണ് ചുവരെഴുത്തുകളിലുണ്ടായിരുന്നത്. വിഷയം രാഷ്ട്രീയ ആയുധമാക്കിയ ആംആദ്മി പാർട്ടി, കേജ്‌രിവാളിനെതിരെ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിച്ചിരുന്നു.

 പ്രശസ്‌തനാകാൻ അല്ല, മാപ്പ്

ഗ്രാഫിറ്റി വരച്ചത് പ്രശസ്‌തനാകാൻ വേണ്ടിയല്ലെന്നും, കേജ്‌രിവാളിനോട് മാപ്പുപറയുന്നുവെന്നും അങ്കിത് ഗോയൽ പ്രതികരിച്ചു. തനിക്ക് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുമില്ല. കേജ്‌രിവാളിനോട് മതിപ്പുണ്ടായിരുന്നു. ആംആദ്മി പാർട്ടിയുടെ ആശയത്തെയും ഇഷ്‌ടപ്പെട്ടിരുന്നു. എന്നാൽ, കേജ്‌രിവാൾ ഡൽഹി സർക്കാരിനെ കൊണ്ടുപോകുന്ന രീതിയിൽ അസ്വസ്ഥനായി. അഴിമതികളിൽ ആംആദ്മി പാർട്ടി ഉൾപ്പെടുന്നതിലും ദു:ഖിതനായെന്നും അങ്കിത് പറഞ്ഞു.

Advertisement
Advertisement