ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം യൂട്യൂബർക്ക് നോട്ടീസ്

Thursday 23 May 2024 1:20 AM IST

ചെന്നൈ: ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച യൂട്യൂബർക്ക് നോട്ടീസ് അയച്ച് ആരോഗ്യവകുപ്പ്. തമിഴ്നാട് സ്വദേശിയായ ഇർഫാനെതിരെയാണ് നടപടിയെടുത്തത്. വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പോലീസിന്റെ സൈബർ വിഭാഗത്തിന് കത്തയച്ചു. പിന്നാലെ വീഡിയോകൾ നീക്കം ചെയ്‌തെന്ന് ഇർഫാൻ അറിയിച്ചു.

ലിംഗനിർണയം നിയമപരമായി അനുവദനീയമായ ദുബായിലാണ് ഇർഫാൻ കുട്ടിയുടെ ലിംഗനിർണയം നടത്തിയത്.

നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ മറുപടി നൽകുമെന്നും യൂട്യൂബിൽ 4.29 മില്യൺ ഫോളേവേഴ്സുള്ള ഫുഡ് വ്ലോഗറായ
ഇർഫാൻ പ്രതികരിച്ചു. 1994ലെ നിയമപ്രകാരം ഇന്ത്യയിൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗം നിർണയിക്കുന്നത് കുറ്റകരമാണ്. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയത്തിന്റെ നടപടികൾ വിവരിച്ച് ഇർഫാൻ യൂട്യൂബ് ചാനലിൽ രണ്ട് വീഡിയോകളാണ് പോസ്റ്റ് ചെയ്തത്. ഭാര്യ ആലിയ ഇതിനായി എടുത്ത ടെസ്റ്റ് വിവരിക്കുകയും 'ജെൻഡർ റിവീൽ പാർട്ടി' എന്ന പേരിലുമാണ് വീഡിയോകൾ പോസ്റ്റ് ചെയ്‌തത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്, നിരവധിപേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Advertisement
Advertisement