സോറന് തിരിച്ചടി; ഇ.ഡി അറസ്റ്റിൽ സുപ്രീംകോടതി ഇടപെട്ടില്ല

Thursday 23 May 2024 1:22 AM IST

ന്യൂഡൽഹി: ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. സോറൻ കോടതിയിൽ നിന്ന് വസ്‌തുതകൾ മറച്ചുവച്ചെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും ഉൾപ്പെട്ട അവധിക്കാല ബെഞ്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം നൽകാനും വിസമ്മതിച്ചു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജനുവരി 31നാണ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. റാഞ്ചിയിലെ പ്രത്യേക കോടതിയിൽ ഇ.ഡി അന്വേഷണസംഘം ഏപ്രിൽ നാലിന് കുറ്റപത്രവും സമർപ്പിച്ചു. എന്നാൽ, വിചാരണക്കോടതി കുറ്റപത്രം സ്വീകരിച്ച വിവരം സോറൻ സുപ്രീംകോടതിയിൽ നിന്ന് മറച്ചുവച്ചത് തിരിച്ചടിയായി. സോറന്റെ പ്രവൃത്തി നിഷ്‌കളങ്കമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ശുദ്ധമായ കൈകളോടെയല്ല കോടതിയെ സമീപിച്ചിരിക്കുന്നത്. ഇടപെടില്ലെന്ന് കോടതി കടുത്ത നിലപാടെടുത്തതോടെ സോറന്റെ അഭിഭാഷകനായ കപിൽ സിബൽ ഹർജി പിൻവലിച്ചു. കുറ്റപത്രം സ്വീകരിച്ചാലും അറസ്റ്റ് നിയമവിരുദ്ധമെങ്കിൽ ഇടക്കാല ജാമ്യം നൽകുന്നതിന് തടസമില്ലെന്ന് കപിൽ സിബൽ വാദിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. ഹർജിയിൽ വിവരങ്ങൾ മറച്ചുവച്ചതിൽ വിമ‌ർശനം തുടർന്നു. ആത്മാർത്ഥമായ സമീപനമല്ല സോറനിൽ നിന്നുണ്ടായതെന്നും കൂട്ടിച്ചേർത്തു. ഹർജി തള്ളുകയാണെന്ന ഉത്തരവ് പുറപ്പെടുവിക്കാൻ മുതിർന്നെങ്കിലും ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന സിബലിന്റെ അഭ്യർത്ഥന ഒടുവിൽ സുപ്രീംകോടതി അംഗീകരിച്ചു. സോറന്റെ ഹർജിയെ ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു ശക്തമായി എതിർത്തിരുന്നു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കേസിൽ നിന്ന് വ്യത്യസ്തമാണെന്നും തിരഞ്ഞെടുപ്പിന്റെ പേരിൽ ഇടക്കാല ജാമ്യം നൽകിയാൽ ജയിലിൽ കഴിയുന്ന മറ്റു രാഷ്‌ട്രീയക്കാർ ഉത്തരവിന്റെ ചുവടുപിടിച്ച് ജാമ്യത്തിന് ശ്രമിക്കുമെന്നും അറിയിച്ചിരുന്നു.

Advertisement
Advertisement