ആർ.എസ്.എസ് നേതാക്കളെ വകവരുത്താൻ ഹിറ്റ്ലിസ്റ്റ്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി

Thursday 23 May 2024 1:24 AM IST

ന്യൂഡൽഹി : ആർ.എസ്.എസ് നേതാക്കളെ വകവരുത്താൻ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കി തുടങ്ങിയ ആരോപണം നേരിടുന്ന എട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് റദ്ദാക്കിയത്. തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്‌ത് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കുന്ന യു.എ.പി.എ കേസിലാണ് നടപടി. ജാമ്യത്തിനെതിരെ എൻ.ഐ.എ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ദേശസുരക്ഷ പരമപ്രധാനമാണെന്ന് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം എന്നിവയുടെ താത്പര്യം മുൻനിറുത്തി ഇത്തരക്കാരുടെ പൗരാവകാശം നിയന്ത്രിക്കാനാണ് യു.എ.പി.എ കൊണ്ടുവന്നത്. ഭീകരപ്രവർത്തനത്തിനായി പ്രതികൾ ഫണ്ട് ശേഖരിച്ചുവെന്ന ആരോപണം പ്രഥമദൃഷ്‌ട്യാ ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു. കുറ്റങ്ങളുടെ ഗൗരവം, പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം, ഒന്നരവർഷം മാത്രമാണ് ജയിലിൽ കഴിഞ്ഞതെന്ന സാഹചര്യം, എൻ.ഐ.എ ഹാജരാക്കിയ നിർണായക തെളിവുകളുടെ സ്വഭാവം എന്നിവ പരിഗണിച്ചാണ് ജാമ്യം റദ്ദാക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രതികൾ എൻ.ഐ.എയ്‌ക്ക് മുന്നിൽ കീഴടങ്ങണം. വിചാരണാനടപടികൾ എത്രയും വേഗം ആരംഭിക്കണമെന്ന് പ്രത്യേക കോടതിക്ക് നിർദ്ദേശവും നൽകി. അന്വേഷണത്തിനിടെ 'വിഷൻ ഡോക്യുമെന്റ്' എന്ന പേരുള്ള രേഖകൾ എൻ.ഐ.എ പിടികൂടിയിരുന്നു. അവയിലാണ് ആർ.എസ്.എസിന്റെയും മറ്റു ചില മതസംഘടനകളുടെയും നേതാക്കളുടെ പേരുള്ള ഹിറ്റ്‌ലിസ്റ്റിനെ സംബന്ധിച്ച് വിവരമുണ്ടായിരുന്നത്.

Advertisement
Advertisement