റെയ്‌സിയുടെ സംസ്കാരം ഇന്ന്  അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ

Thursday 23 May 2024 7:31 AM IST

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ സംസ്കാരം ഇന്ന് ജന്മനാടായ മഷാദിൽ നടക്കും. ചടങ്ങിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ അടക്കമുള്ള ലോകനേതാക്കൾ ഇന്നലെ ടെഹ്‌റാനിൽ എത്തി. റെയ്‌സിയുടെയും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാന്റെയും മറ്റുള്ളവരുടെയും മൃതദേഹങ്ങൾ ഇന്നലെ ടെഹ്‌റാൻ യൂണിവേഴ്സിറ്റിയിൽ എത്തിച്ചു. ഇറാനിയൻ പതാകയിൽ പൊതിഞ്ഞ പെട്ടികൾക്ക് മുന്നിൽ പ്രാർത്ഥനാ ചടങ്ങുകൾക്ക് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി നേതൃത്വം നൽകി. ചടങ്ങുകൾക്ക് ആയിരങ്ങൾ സാക്ഷിയായി. ഹമാസ് തലവൻ ഇസ്മയിൽ ഹനിയേയും ഹിസ്ബുള്ള ഉപതലവൻ നയീം ഖാസിമും പങ്കെടുത്തു. തുടർന്ന് മൃതദേഹങ്ങളും വഹിച്ചുള്ള വിലാപയാത്ര ടെഹ്‌റാനിലെ ആസാദി സ്‌ക്വയറിലേക്ക് നീങ്ങി. ഇറാന്റെ റെവലൂഷനറി ഗാർഡ് അംഗങ്ങളടക്കം ഇവിടെ അന്തിമോപചാരം അർപ്പിച്ചു. റെയ്സിയുടെ മൃതദേഹം ഇന്ന് രാവിലെ സൗത്ത് ഖൊറാസാൻ പ്രവിശ്യയിലെ ബീർജാന്ദ് നഗരത്തിൽ എത്തിക്കും. ശേഷം മഷാദിലേക്ക് തിരിക്കും. ഇവിടെ ഇമാം റെസാ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് സംസ്കരിക്കും. മറ്റുള്ളവരുടെ സംസ്കാരം അവരുടെ ജന്മനാടുകളിൽ നടക്കും.

ചൊവ്വാഴ്ച വടക്ക് പടിഞ്ഞാറൻ നഗരമായ തബ്രിസിൽ നിന്ന് വിലാപയാത്രയോടെയാണ് സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്. ഞായറാഴ്ച വൈകിട്ടാണ് കനത്ത മൂടൽ മഞ്ഞിൽ പെട്ട് റെയ്സിയും സംഘവും സഞ്ചരിച്ചിരുന്ന കോപ്റ്റർ ഈസ്റ്റ് അസർബൈജാനിലെ പർവത പ്രദേശത്ത് തകർന്നു വീണത്. തിങ്കളാഴ്ച രാവിലെയാണ് രക്ഷാപ്രവർത്തകർ കോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

Advertisement
Advertisement