ബെല്ലയെ തുറന്നുവിടൂ...

Thursday 23 May 2024 7:31 AM IST

സോൾ: ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ ലോട്ടെ വേൾഡ് ടവറിലെ ഷോപ്പിംഗ് മാളിലുള്ള ടാങ്കിൽ ഏകാന്തവാസം നയിക്കുന്ന ബെലൂഗ തിമിംഗലമായ ' ബെല്ല'യെ മോചിപ്പിക്കണമെന്ന് കാട്ടി പരിസ്ഥിതി പ്രവർത്തകർ രംഗത്ത്. ഒരു ദശാബ്ദമായി ഈ ടാങ്കിനുള്ളിലാണ് ബെല്ലയുടെ ജീവിതം. 1,224 ടൺ ഭാരവും 24 അടി ആഴവുമുള്ള ചെറിയ ടാങ്കിലാണ് ബെല്ലയുള്ളത്. അതിരുകളില്ലാതെ കടലിൽ നീന്തിത്തുടിക്കുന്ന ജീവികളാണ് ബെലൂഗ തിമിംഗലങ്ങൾ എന്ന് ഓർക്കുക. 2013ൽ രണ്ട് വയസുള്ളപ്പോൾ റഷ്യൻ തീരത്തെ ആർട്ടിക് സമുദ്രത്തിൽ നിന്നാണ് ബെല്ലയെ പിടികൂടിയത്. തുടർന്ന് ബെല്ലയെ ലോട്ടെ ടവറിന്റെ താഴെയുള്ള മാളിലെ അക്വേറിയത്തിന് വിറ്റു. 555 മീറ്റർ ഉയരമുള്ള ലോട്ടെ ടവർ ലോകത്തെ ഏറ്റവും ഉയരമേറിയ ആറാമത്തെ കെട്ടിടമാണ്. ബെല്ലോ, ബെല്ലി എന്നീ രണ്ട് ആൺ ബെലൂഗകളേയും ഇവിടെ എത്തിച്ചിരുന്നു. ബെല്ലോ 2016ൽ 5-ാം വയസിലും ബെല്ലി 2019ൽ 12 -ാം വയസിലും വിടപറഞ്ഞു. 50 വർഷം വരെയാണ് ബെലൂഗകളുടെ ആയുസ്. ഇതോടെയാണ് ബെല്ലയെ സമുദ്രത്തിൽ തിരികെ വിടണമെന്ന ആവശ്യം ശക്തമായത്. കൊവിഡ് വന്നതോടെ പ്രതിഷേധ ക്യാമ്പെയ്നുകൾ തടസപ്പെട്ടു. ഒറ്റപ്പെട്ട് കഴിയുന്നതിനാൽ ബെല്ല മാനസിക സംഘർഷം നേരിടുന്നുണ്ടെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുമായി വളരെ വേഗം ഇണങ്ങിച്ചേരുന്നവയാണ് ആർട്ടിക് സമുദ്ര മേഖലയിൽ കാണപ്പെടുന്ന ബെലൂഗ തിമിംഗിലങ്ങൾ. നല്ല ബുദ്ധിശക്തിയാണിവയ്ക്ക്.

Advertisement
Advertisement