 പ്രതിഷേധവുമായി ഇസ്രയേൽ: പാലസ്‌തീനെ അംഗീകരിച്ച് മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ കൂടി

Thursday 23 May 2024 7:32 AM IST

ഓസ്‌ലോ : ഗാസയിൽ ഹമാസുമായി ഇസ്രയേൽ യുദ്ധം തുടരുന്നതിനിടെ, യൂറോപ്യൻ രാജ്യങ്ങളായ അയർലൻഡും നോർവെയും സ്‌പെയിനും പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു. 28ന് തീരുമാനം പ്രാബല്യത്തിൽ വരും.

നീക്കത്തെ ഹമാസും പാലസ്തീനിയൻ അതോറിറ്റിയും സ്വാഗതം ചെയ്തു. രൂക്ഷമായി പ്രതിഷേധിച്ച ഇസ്രയേൽ ഈ രാജ്യങ്ങളിലെ തങ്ങളുടെ അംബാസഡർമാരെ തിരിച്ചു വിളിച്ചു. ഇസ്രയേലിലുള്ള ഈ രാജ്യങ്ങളുടെ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധവും രേഖപ്പെടുത്തി.

ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര തത്വം നടപ്പാക്കുകയാണ് പോംവഴിയെന്ന് മൂന്ന് രാജ്യങ്ങളും ചൂണ്ടിക്കാട്ടി. തീരുമാനം ഇസ്രയേലിന് എതിരോ ഹമാസിനെ പിന്തുണയ്ക്കുന്നതോ അല്ലെന്നും സമാധാനത്തിന് വേണ്ടിയാണെന്നും അറിയിച്ചു. പതിനായിരങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെടുമ്പോൾ, പ്രശ്നത്തിനുള്ള ഏക രാഷ്‌ട്രീയ പരിഹാരം ഇസ്രയേലും പാലസ്തീനും രണ്ട് സ്വതന്ത്ര രാഷ്‌ട്രങ്ങളായി സമാധാനത്തിലും സഹവർത്തിത്വത്തിലും സുരക്ഷിതമായി കഴിയുകയാണെന്ന്

നോർവേ പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റോർ പറഞ്ഞു.ദ്വിരാഷ്‌ട്ര പരിഹാരം ഇല്ലെങ്കിൽ പഷ്ചിമേഷ്യയിൽ സമാധാനം പുലരില്ല. പാലസ്തീൻ രാഷ്‌ട്രം ഇല്ലാതെ ദ്വിരാഷ്‌ട്ര പരിഹാരം ഇല്ല. പശ്ചിമേഷ്യയിൽ സമാധാനത്തിനുള്ള ഏക ഉപാധി പാലസ്തീൻ രാഷ്‌ട്രമാണെന്നും സ്റ്റോർ പറഞ്ഞു.

ഒമ്പത് യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ പാലസ്തീനെ അംഗീകരിച്ചിരുന്നു.

സ്ലോവേനിയയും മാൾട്ടയും ബെൽജിയവും സമാന പദ്ധതി ആലോചിക്കുന്നുണ്ട്.

മുന്നറിയിപ്പുകൾ അവഗണിച്ച് ഗാസയിലെ തെക്കൻ നഗരമായ റാഫയിലും വടക്കൻ പ്രദേശങ്ങളിലും ഇസ്രയേൽ ആക്രമണം ശക്തമായി തുടരുകയാണ്. 35,640ലേറെ പേർ ഇതുവരെ കൊല്ലപ്പെട്ടു. മാനുഷിക സഹായ വിതരണം കുറഞ്ഞതോടെ പട്ടിണിയുടെ വക്കിലാണ് ഭൂരിഭാഗം ജനങ്ങളും.

 യു.എന്നിലെ 193 അംഗങ്ങളിൽ പാലസ്തീനെ അംഗീകരിച്ചത് - 142 രാജ്യങ്ങൾ

 മേഖലയിൽ സമാധാനം സ്ഥാപിക്കാൻ തീരുമാനം സഹായിക്കും.

- ജോനാസ് ഗാർ സ്റ്റോർ, പ്രധാനമന്ത്രി, നോർവെ

 തീരുമാനം സമാധാനപരമായ ഭാവിക്ക് വേണ്ടി.

- സൈമൺ ഹാരിസ്, പ്രധാനമന്ത്രി, അയർലൻഡ്

 നീക്കം ആർക്കും എതിരല്ല. സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി.

- പെഡ്രോ സാഞ്ചസ്, പ്രധാനമന്ത്രി, സ്‌പെയിൻ

 തങ്ങൾ നിശബ്ദരായിരിക്കില്ല. നീക്കം മേഖലയെ കൂടുതൽ അസ്ഥിരമാക്കും. ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും.

- ഇസ്രയേൽ കാറ്റ്സ്, വിദേശകാര്യ മന്ത്രി, ഇസ്രയേൽ

Advertisement
Advertisement