ക്ഷേത്രത്തിലെ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു
ഈറോഡ്: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. തമിഴ്‌നാട് ഗോപിച്ചെട്ടിപ്പാളയത്തിൽ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ഈ ക്ഷേത്രത്തിലെ 10 പൂജാരികളിൽ ഒരാളായ പളനി സാമി (51) ആണ് മരിച്ചത്. 25 വർഷമായി ഇദ്ദേഹം പൂജാരിയായി ജോലി ചെയ്യുന്നു. ഒഴിവ് സമയങ്ങളിൽ വാൻ ഡ്രെെവറായും ജോലി നോക്കുന്നു.
പാരമ്പര്യമായി പളനി സാമിയുടെ കുടുംബമാണ് ചെട്ടിപ്പാളയത്തിലെ ക്ഷേത്രത്തിലെ പൂജ നടത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ ഭക്തർ 20 ആടുകളെ നേർച്ചയ്ക്കായി എത്തിച്ചിരുന്നു. ഇവയെ ബലി കൊടുക്കുന്നതാണ് പതിവ്. ബലി നടത്തിയ ആടിന്റെ രക്തം പൂജാരിമാർ വാഴപ്പഴത്തിൽ ചേർത്ത് കഴിക്കുന്നതും ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്.
ഈ ചടങ്ങ് പളനി സാമിയാണ് ചെയ്തത്. എന്നാൽ ചടങ്ങിനിടെ ഇയാൾക്ക് അസ്വസ്ഥത അനുഭപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് അബോധാവസ്ഥയിലായ പളനിയെ ക്ഷേത്ര ഭാരവാഹികൾ ഗോപിച്ചെട്ടിപ്പാളയം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
തമിഴ്‌നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലെയും പ്രധാന ചടങ്ങാണ് മൃഗബലി. കൂടുതലും ആടുകളെയാണ് ബലി നൽകുന്നത്. ഉത്സവങ്ങളിലും കുട്ടികളുടെ കാത് കുത്തിനും വരെ ജനങ്ങൾ ആടിനെ ക്ഷേത്രങ്ങളിൽ ബലി നൽകാറുണ്ട്.