ശത്രുക്കൾക്ക് പുതിയ മുന്നറിയിപ്പ്; നൈറ്റ് വിഷൻ ഗോഗിൾസ് ഉപയോഗിച്ച് വിമാനം ലാൻഡ് ചെയ്ത് ഇന്ത്യൻ എയർഫോഴ്‌സ്

Thursday 23 May 2024 2:59 PM IST

ന്യൂഡൽഹി: നൈറ്റ് വിഷൻ ഗോഗിൾ (എൻവിജി) ഉപയോഗിച്ച് വിജയകരമായി വിമാനം ലാൻഡ് ചെയ്ത് ഇന്ത്യൻ എയർഫോഴ്‌സ്. ആദ്യമായാണ് ഇത്തരത്തിൽ വിമാനം ലാൻഡ് ചെയ്യിക്കുന്നത്. കിഴക്കൻ മേഖലയിലെ ആധുനിക ലാൻഡിംഗ് ഗ്രൗണ്ടിൽ നൈറ്റ് വിഷൻ ഗോഗിൾസിന്റെ സഹായത്തോടെ ഐഎഎഫ് സി-130ജെ എയർക്രാഫിന്റെ ലാൻഡിംഗ് നടത്തിയതായി വ്യോമസേന ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു.

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ഒഡിഷ, ജാർഖണ്ഡ്, സിക്കിം, പശ്ചിമ ബംഗാൾ, ബീഹാർ എന്നിവയാണ് വ്യോമസേനയുടെ കിഴക്കൻ മേഖലയിൽ ഉൾപ്പെടുന്നത്. ചൈന, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുമായി 6300 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യാന്തര അതിർത്തിയുടെ സംരക്ഷണത്തിനും വ്യോമസേന മേൽനോട്ടം വഹിക്കുന്നു.

എൻവിജി സാങ്കേതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ വെളിച്ചത്തിൽ സുരക്ഷിതവും കൂടുതൽ ഫലപ്രദവുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് വ്യോമസേന പറയുന്നു. രാത്രികാല ദൗത്യങ്ങൾ ഫലപ്രദമായി നടത്തുന്നതിനുള്ള സേനയുടെ കഴിവും ഇത് വർദ്ധിപ്പിക്കുന്നതായി അധികൃതർ പറയുന്നു.

ഈ വർഷമാദ്യം കാർഗിൽ എയർസ്ട്രിപ്പിൽ സി130-ജെ വിമാനം വിജയകരമായി രാത്രി ലാൻഡിംഗ് നടത്തിയിരുന്നു. ലഡാക്ക് മേഖലയിലെ നിയന്ത്രണരേഖയ്ക്ക് (എൽഒസി) സമീപം സ്ഥിതി ചെയ്യുന്ന എയർസ്ട്രിപ്പിൽ ഇത്തരമൊരു ഓപ്പറേഷൻ ആദ്യമായിട്ടായിരുന്നു വ്യോമസേന നടത്തിയത്.


കാർഗിൽ, ശ്രീനഗർ, ജമ്മു കാശ്‌മീ‌ർ എന്നീ സ്ഥലങ്ങളിലൂടെ പൊതുജനങ്ങളുടെ ആവശ്യത്തിനായി കാർഗിൽ എയർസ്ട്രിപ്പിൽ നിന്ന് എഎൻ 32 മൾട്ടി പർപ്പസ് ട്രാൻസ്പോർട്ട് വിമാനം വ്യോമസേന പറത്തിയിരുന്നെങ്കിലും കാർഗിൽ എയർസ്ട്രിപ്പിൽ രാത്രി ലാൻഡിംഗ് സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല.

1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് വ്യോമസേനയുടെ 43 സ്ക്വാഡ്രണിന്റെ എഎൻ-12 വിമാനങ്ങൾ കാർഗിൽ, ലേ, ലഡാക്കിലെ തോയിസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു.

Advertisement
Advertisement