'പ്രതീക്ഷിച്ചതിന്റെ പത്തിരട്ടി, പെരുമഴയത്ത് തീയേറ്ററുകളെ തീപിടിപ്പിക്കുകയാണ് മമ്മൂക്ക";പ്രേക്ഷകരുടെ പ്രതികരണം

Thursday 23 May 2024 4:19 PM IST

മമ്മൂട്ടി - വൈശാഖ് കൂട്ടുകെട്ടിലിറങ്ങിയ "ടർബോ" എന്ന സിനിമ തീയേറ്ററിൽ എത്തിയിരിക്കുകയാണ്. മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്. ആക്ഷൻ രംഗങ്ങളോട് കൂടിയ ചിത്രം പ്രേക്ഷകർ സ്വീകരിച്ചോ? സിനിമയുടെ ആദ്യ പ്രദർശനം കഴിഞ്ഞതോടെ തന്നെ തീയേറ്ററുകളിൽ നിന്നുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ പുറത്തുവന്നിട്ടുണ്ട്.

'പൊന്നണ്ണാ പടം സൂപ്പർ ആണ്ണാ', 'തീയേറ്ററുകളെ തീപിടിപ്പിക്കുകയാണ് മമ്മൂക്ക', 'സ്വന്തം മമ്മൂക്ക തകർത്തിട്ടുണ്ട്', 'ടർബോ പൊളി', 'പ്രതീക്ഷിച്ച് വന്നതിന്റെ പത്തിരട്ടിയുണ്ട് സിനിമ', 'ഒരു രക്ഷയുമില്ല പൊളി', 'മമ്മൂട്ടിയുടെ അഴിഞ്ഞാട്ടം, മാസ്', 'പറയാൻ വാക്കുകളില്ല, ജോസേട്ടൻ തകർത്താടി', 'പറയാൻ വാക്കുകളില്ല, കുറച്ച് കാലം കൊണ്ട് നമ്മൾ മമ്മൂക്കയുടെ പരീക്ഷണ ചിത്രങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇത് തികച്ചും വ്യത്യസ്തമായ മെഗാ മാസ് സിനിമയാണ്. സെക്കൻഡ് ഹാഫ് എന്ന് പറയുന്നത് തീയാണ്. ഈ പെരുമഴയത്ത് തീയേറ്ററുകളെ തീപിടിപ്പിക്കുകയാണ് മമ്മൂക്ക, ഫൈറ്റ് എന്നുപറഞ്ഞാൽ അദ്ദേഹത്തിന്റെ കരിയറിൽ ഇത്രയും ഗംഭീര ഫൈറ്റ് അദ്ദേഹം ചെയ്തിട്ടില്ല. വൈശാഖിനും അതിന്റെ സ്‌ക്രിപ്റ്റ് എഴുതിയ മിഥുൻ മാനുവൽ തോമസിനും മമ്മുക്കയ്ക്കും മമ്മൂട്ടി കമ്പനിയുടെയും കിരീടത്തിലെ ഒരു പൊൻതൂവൽ തന്നെയാണ് ഈ ചിത്രം,'- പ്രേക്ഷകർ പറഞ്ഞു.

കേരളത്തിൽ 400 ലധികം കേന്ദ്രങ്ങളിലാണ് ടർബോ പ്രദർശനത്തിന് എത്തിയത് . രാവിലെ ഒൻപതിനായിരുന്നു ആദ്യ പ്രദർശനം. തിരുവനന്തപുരത്ത് ന്യൂ തിയേറ്ററിലായിരുന്നു ഫാൻസ് ഷോ. ചിത്രത്തിൽ ജീപ്പ് ഡ്രൈവറായ ജോസ് എന്ന ഇടിവെട്ട് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ കന്നട താരം രാജ് ബി. ഷെട്ടി, തെലുങ്ക് നടൻ സുനിൽ, ബോളിവുഡ് താരം കബീർ ദുഹാൻ സിംഗ് എന്നിവർ ടർബോയിൽ അണിനിരക്കുന്നു. സുനിലും കബീർ ദുഹാൻ സിംഗും ആദ്യമായാണ് മലയാള സിനിമയിൽ അഭിനയിക്കുന്നത്. അപർണ ബാലമുരളിക്കൊപ്പം രാജ് ബി ഷെട്ടി മറ്റൊരു ചിത്രത്തിൽ നേരത്തെ അഭിനയിച്ചെങ്കിലും ഇനിയും റിലീസ് ചെയ്‌തിട്ടില്ല. . ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ് , നിരഞ്ജന അനൂപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

മിഥുൻ മാനുവൽ തോമസ് ആണ് രചന. വിഷ്ണു ശർമ്മ ആണ് ഛായാഗ്രഹണം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ബിഗ് ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിന് ക്രിസ്റ്റോ സേവ്യർ പശ്ചാത്തല സംഗീതം ഒരുക്കിയത്.

Advertisement
Advertisement