മാല ചാർത്തിയതിന് പിന്നാലെ വരൻ വധുവിനെ ചുംബിച്ചു; വിവാഹവേദിയിൽ കൂട്ടത്തല്ല്, അറസ്റ്റ്

Thursday 23 May 2024 4:27 PM IST

ലക്‌നൗ: കല്യാണച്ചടങ്ങിനിടെ വരൻ വധുവിനെ ചുംബിച്ചത് കൂട്ടത്തല്ലിൽ കലാശിച്ചു. ഉത്തർപ്രദേശിലെ അശോക് നഗറിലാണ് സംഭവം നടന്നത്. വരമാലച്ചടങ്ങിനിടെ വരനും വധുവും ചുംബിച്ചതിനുപിന്നാലെ യുവതിയുടെ ബന്ധുക്കൾ വരന്റെ ബന്ധുക്കളെ കയ്യേറ്റം ചെയ്യുകയായിരുന്നു.

വരന്റെ പ്രവൃത്തിയിൽ അസ്വസ്ഥരായ വധുവിന്റെ ബന്ധുക്കൾ ഇത് ചോദ്യം ചെയ്യുകയും വടികളും മറ്റുമായി സ്റ്റേജിലേയ്ക്ക് പ്രവേശിച്ച് വരന്റെ കുടുംബാംഗങ്ങളെ മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ വധുവിന്റ പിതാവിനുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

വധുവിന്റെയും സഹോദരിയുടെയും വിവാഹം ഒരേസമയത്താണ് നടന്നത്. ആദ്യവിവാഹം പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നപ്പോൾ രണ്ടാമത്തേത് വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. വരൻ യുവതിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചത്. എന്നാൽ യുവതിയുടെ നിർബന്ധപ്രകാരമാണ് ചുംബിച്ചതെന്നാണ് വരൻ പറഞ്ഞത്.

സംഭവത്തിന് പിന്നാലെ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് അക്രമം നടത്തിയതിന് ഏഴുപേരെ കസ്റ്റഡിയിലെടുത്തു.

മരുമകൾ തന്നെ പ്രണയിക്കുന്നുവെന്ന പരാതിയുമായി അടുത്തിടെ ഉത്തർപ്രദേശിൽ നിന്ന് ഒരു അമ്മായിയമ്മയെത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. താനുമായി ശാരീരിക ബന്ധത്തിലേർപ്പെടാനും ഒളിച്ചോടി വിവാഹം കഴിക്കണമെന്നും മരുമകൾ നിരന്തരം ആവശ്യപ്പെടുകയാണെന്നും അമ്മായിയമ്മ പരാതിയിൽ പറഞ്ഞിരുന്നു. തന്നെ എങ്ങനെയെങ്കിലും മകന്റെ ഭാര്യയിൽ നിന്നും രക്ഷിക്കണമെന്നും സ്ത്രീ ആവശ്യപ്പെട്ടു. യു.പിയിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള ഡൽഹിയിൽ താമസിക്കുന്ന സ്ത്രീയാണ് പൊലീസിന് പരാതി നൽകിയത്.

മകനുമായി വിവാഹം കഴിഞ്ഞ അന്നുമുതൽ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ലെന്നും പരാതിയിൽ പറയുന്നു. താനും ഭർത്താവും ഒരുമിച്ചിരിക്കുന്നത് മരുമകൾക്ക് ഇഷ്ടമല്ല. അമ്മായിയമ്മയെ ആദ്യം കണ്ടപ്പോൾ തന്നെ പ്രേമം തോന്നിയിരുന്നുവെന്നും മരുമകൾ പറഞ്ഞതായും സ്ത്രീ വ്യക്തമാക്കുന്നു.

പെരുമാറ്റം ശരിയല്ല എന്നു പറഞ്ഞപ്പോൾ സ്വവർഗാനുരാഗം ഇന്ന് സാധാരണമാണെന്ന് മരുമകൾ പറഞ്ഞു. ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി അമ്മായിയമ്മയോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ഭർത്താക്കൻമാരെ ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും പോയി ഒരുമിച്ച് കഴിയാം എന്ന് മരുമകൾ പറഞ്ഞതായും അമ്മായിയമ്മ ആരോപിക്കുന്നു.

തന്റെ മകൻ ചതിക്കപ്പെട്ടതായും എങ്ങനെയങ്കിലും മരുമകളിൽ നിന്നും രക്ഷനേടാനാണ് ഇപ്പോൾ പരാതിയുമായി എത്തിയതെന്നും ഇവർ പറഞ്ഞിരുന്നു.

Advertisement
Advertisement