പ്രധാനമന്ത്രിക്ക് വധഭീഷണി; ചെന്നൈ എൻഐഎ ഓഫീസിലേയ്ക്ക് ഹിന്ദിയിൽ ഫോൺകോൾ

Thursday 23 May 2024 5:19 PM IST

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. ഇന്നലെ രാത്രി ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് ഭീഷണി കോൾ എത്തിയത്. ഹിന്ദി സംസാരിക്കുന്നയാളാണ് ഫോണിൽ വിളിച്ച് പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പുരുസൈവാക്കത്തുള്ള നാഷണൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി ഓഫീസിൽ ഇന്നലെ രാത്രി ഒൻപതരയോടെയാണ് കോൾ വന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഹിന്ദിയിൽ പറഞ്ഞതിനുശേഷം കോൾ കട്ട് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മദ്ധ്യപ്രദേശിൽ നിന്നാണ് കോൾ എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

എൻഐഎയുടെ ചെന്നൈ യൂണിറ്റ് ഉത്തരേന്ത്യയിലെ യൂണിറ്റിനെയും സംസ്ഥാന സൈബർ ക്രൈം ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ മാർച്ചിലും പ്രധാനമന്ത്രിക്കെതിരെ വധഭീഷണി ഉയർന്നിരുന്നു. മോദിയെ വധിക്കുമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ ഭീഷണി മുഴക്കിയ കർണാടക സ്വദേശിയായ മുഹമ്മദ് റസൂൽ കഡ്ഡാരെയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ കയ്യിൽ ആയുധങ്ങളുമായാണ് ഇയാൾ വധഭീഷണി മുഴക്കിയത്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മോദിയെ കൊല്ലുമെന്നായിരുന്നു ഭീഷണി.