പകർച്ചവ്യാധിയിൽ പെരുകുന്ന ആശങ്ക

Thursday 23 May 2024 5:55 PM IST

കോട്ടയം: കനത്ത മഴയാണ്. മാലിന്യം തിങ്ങിയ ഓടകൾ പെരുമഴയിൽ നിറഞ്ഞൊഴുകുകയാണ്. ജില്ലയിൽ പലയിടങ്ങളിൽ നിന്നുള്ള കാഴ്ചകൾ ആശങ്കയുയർത്തും. മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമല്ലാത്തത് പകർച്ചവ്യാധിയിലേക്ക് വിരൽചൂണ്ടുകയാണ്. നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിരികിൽ നിന്നുള്ള മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ള മാലിന്യം മഴയത്ത് നൂറുകണക്കിനാളുകൾ എത്തുന്ന കോട്ടയം ചന്തയിലേക്കാണ് ഒഴുകിയിറങ്ങുന്നത്. മലേറിയ ഉൾപ്പടെ റിപ്പോർട്ട് ചെയ്തത് ആശങ്ക ഇരട്ടിയാക്കുന്നു. ചന്തയിലെ ഓട നിറഞ്ഞനിലയിലാണ്. ഇതിപ്പോൾ പൊതുവഴികളിലേയ്ക്ക് ഒഴുകുന്നു. ഇത് ചെന്നെത്തുന്നത് കൊടൂരാറിലേയ്ക്കുള്ള ചെറിയ തോട്ടിലേയ്ക്കും മറ്റ് കുടിവെള്ള ശ്രോതസിലേയ്ക്കുമാണ്. ജില്ലയിലെ പ്രധാന ജലാശയങ്ങളൊന്നും വൃത്തിയാക്കിയിട്ടില്ല. മഴക്കാലപൂർവ ശുചീകരണവും പാളി.

ആശുപത്രികളിൽ തിരക്കോട് തിരക്ക്

പകർച്ചവ്യാധി പെരുകിയതോടെ ജില്ലയിലെ സ്വകാര്യ,സർക്കാർ ആശുപത്രികളിൽ തിക്കിത്തിരക്കാണ്. ജില്ലാ ആശുപത്രിയിൽ പനിക്കാരുടെ നീണ്ട ക്യൂവാണ്. ഈ മാസം ഇതുവുരെ പനി ബാധിച്ച് 5214 പേർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. സ്വകാര്യ ആശുപത്രിയിലെത്തിയയാളുകൾ ഇരട്ടിയോളം വരും. വൈറൽ പനിക്കൊപ്പം എലിപ്പനിയും മഞ്ഞപ്പിത്തവും ഡെങ്കിയും പടരുകയാണ്. മുൻവർഷത്തേക്കാൾ ഇവ ബാധിച്ചവരുടെ എണ്ണവും കൂടി. മഴക്കാലത്ത് അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടക്കാറുണ്ടെങ്കിലും ഇക്കുറിയൊന്നും ആരംഭിച്ചിട്ടില്ല.

മലേറിയയും മഞ്ഞപ്പിത്തവും

മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇതുവരെ 55 പേരിൽ രോഗം റിപ്പോർട്ട് ചെയ്തു. 37 പേരിൽ എലിപ്പനിയും 511 പേരിൽ ഡെങ്കിയും സ്ഥിരീകരിച്ചു. ആറ് പേരിലാണ് മലേറിയ റിപ്പോർട്ട് ചെയ്തത്.

എലിപ്പനി മരണം: 5

പകർച്ചവാധി കൂടുതൽ

ചിറക്കടവ്, മുണ്ടക്കയം മീനച്ചിൽ, മാഞ്ഞൂർ

Advertisement
Advertisement