നെല്ലുവില ലഭിക്കുന്നില്ല ദുരിതത്തിൽ കിഴുവിലത്തെ കർഷകർ

Friday 24 May 2024 1:17 AM IST

മുടപുരം: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനാൽ ഒന്നാം വിള നെൽകൃഷിയിറക്കാൻ കഴിയാതെ കർഷകർ ദുരിതത്തിൽ.കിഴുവിലം പഞ്ചായത്തിലെ നെൽക്കർഷകരാണ് കൃഷിയിറക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഒന്നാം വിള നെൽകൃഷിയിറക്കാൻ വിത്ത് കർഷകർക്ക് ലഭിച്ചെങ്കിലും സാമ്പത്തിക പരാധീനത മൂലം ഞാറ്റടി ഒരുക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് ഇവർ.

കിഴുവിലം,മാമം,വലിയചിറ,വലിയ ഏല,മുടപുരം,വൈദ്യന്റെമുക്ക്,മണ്ഡപം എന്നീ 7 പാടശേഖരങ്ങളിലായി പഞ്ചായത്തിൽ 60 ഹെക്ടറിൽ രണ്ടാംവിളയായി നെൽക്കൃഷിയിറക്കിയിരുന്നു. മുടപുരം നെല്പാടത്ത് സ്വന്തമായും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നവരുടെ പട്ടികയിൽ തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക്ക് ട്രസ്റ്റുമുണ്ട്.

ലോണെടുത്തും കടം വാങ്ങിയും പലിശയ്ക്ക് എടുത്തും കൃഷിയിറക്കിയ കർഷകർക്ക് സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനാൽ ഒന്നാംവിള കൃഷി ചെയ്യാൻ കഴിയുന്നില്ല. നഷ്ടം സഹിച്ചും കൃഷിയിറക്കിയ കർഷകർക്ക് നെല്ല് വില ലഭിക്കാത്തത് അവരുടെ മനോവീര്യം കെടുത്തി. സപ്ലൈകോ നെല്ല് വില നൽകുമ്പോൾ കടം വാങ്ങിയ തുക തിരികെ നൽകാമെന്നാണ് കർഷകർ കരുതുന്നത്.ഇനിയും നഷ്ടം സഹിച്ചും പലിശയ്ക്കെടുത്തും കൃഷിയിറക്കാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു.അതുകൊണ്ട് സംഭരിച്ച നെല്ല് വില ഉടനെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ദുരിതത്തിലായത് - 90 കർഷകർ

സപ്ലൈകോ നെല്ല് ശേഖരിച്ചത് - 1 മാസം മുൻപ്

147 ടൺ നെല്ല്

കിട്ടാനുള്ളത് - 42 ലക്ഷത്തിൽപ്പരം രൂപ

1കിലോ നെല്ലിന്റെ വില - 28 രൂപ 30 പൈസ

കിഴുവിലത്ത് 7 പാടശേഖരം - 60 ഹെക്ടർ

കിഴുവിലം

മാമം

വലിയചിറ

വലിയ ഏല

മുടപുരം

വൈദ്യന്റെമുക്ക്

മണ്ഡപം

Advertisement
Advertisement