അയ്മനത്ത് പെരുമഴപോലെ കർഷകന്റെ കണ്ണീർ
കോട്ടയം: ഞങ്ങൾ എന്തെല്ലാം സഹിക്കണം. ഒരുവർഷത്തെ അദ്ധ്വാനമാണ് ഈ കൊയ്തിട്ടിരിക്കുന്നത്. നെല്ലൊന്ന് വിറ്റുകിട്ടാൻ ഇനി ആരുടെ കാലുപിടിക്കണം! പറഞ്ഞുതീരുമ്പോൾ അയ്മനത്തെ കർഷകരുടെ വാക്കുകൾ ഇടറി. ഇരുപതു ശതമാനം കിഴിവ് സമ്മതിച്ചിട്ടും നെല്ലു സംഭരിക്കാതെ വിലപേശുകയാണ് മില്ലുകാർ. അയ്മനം ഒന്നും രണ്ടും വാർഡുകളിൽ ഉൾപ്പെട്ട 86 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലെ നെല്ല് സംഭരമാണ് വഴിമുട്ടിയത്. രണ്ടാഴ്ച മുമ്പാണ് കൊയ്ത്ത് പൂർത്തിയായത്. പാലക്കാട്ടെ മില്ലുകളായിരുന്നു നേരത്തേ സംഭരിച്ചത്. അവർ ഇപ്പോൾ വാഹനകൂലിക്കൊപ്പം 20 ശതമാനം കിഴിവ് ചോദിച്ചു. വേനൽമഴ ഭയന്ന് നിബന്ധനകൾ മുഴുവൻ അംഗീകരിച്ചിട്ടും മില്ലുകാർ തങ്ങളെ കൈയൊഴിഞ്ഞെന്ന് കർഷകർ കണ്ണീരോട് പറയുന്നു.
പ്രതിസന്ധി ഇവിടെ
തിരുവാർപ്പ്, അയ്മനം, പരിപ്പ്,കല്ലറ, നാട്ടകം എന്നിവിടങ്ങളിൽ
മില്ലുകാർ പറയുന്നു
സർക്കാർ കണക്കു പ്രകാരം നെല്ലു സംഭരിച്ചു. നെല്ല് സൂക്ഷിക്കാൻ ഗോഡൗണിൽ ഇടമില്ല.
പണത്തിന്റെ കാര്യത്തിൽ ഉറപ്പില്ല
സപ്ലൈകോ നെല്ല് സംഭരിച്ചിട്ടും പി.ആർ.എസ് കിട്ടാത്ത കർഷകരുമുണ്ട്. ഇനി പി.ആർ.എസ് കിട്ടിയാലും ബാങ്കിൽ നിന്ന് എന്നു പണം കിട്ടുമെന്ന് ഉറപ്പുമില്ല. പാട്ടത്തിന് കൃഷി നടത്തിയവർ പാട്ടക്കാശ് എങ്ങനെ തിരിച്ചുകൊടുക്കുമെന്ന് എത്തുംപിടിയുമില്ല. കൃഷി ഉപേക്ഷിക്കുകയേ മാർഗമുള്ളൂ എന്ന് കർഷകർ ഒരേസ്വരത്തിൽ പറയുന്നു.
സംഭരിക്കാൻ ആളില്ലാതെ വേനൽമഴയിൽ നെല്ല് നശിക്കുന്നതും നോക്കി നിൽക്കേണ്ട ഗതികേട് ആദ്യമാണ്. മില്ലുകളെ നിയന്ത്രിക്കാൻ കഴിയാത്ത സർക്കാരാണ് ഇതിന് ഉത്തരവാദി.
രാമകൃഷ്ണൻ (കർഷകൻ അയ്മനം )