മുംബയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം, ആറ് മരണം; നിരവധിപേര്‍ ആശുപത്രിയില്‍

Thursday 23 May 2024 7:31 PM IST

മുംബയ്: മഹാരാഷ്ട്രയിലെ ഡോംബിവാലിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിച്ചു. 48 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധിപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയിലെ വ്യവസായ യൂണിറ്റിലാണ് സ്‌ഫോടനം നടന്നത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്‌ഫോടനം നടന്നത്.

സ്ഫോടനത്തിന് പിന്നാലെ ഫാക്ടറിയിലെ തന്നെ വിവിധ പ്ലാന്റുകളില്‍ അനുബന്ധ പൊട്ടിത്തെറികളുണ്ടായി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ട്.

ഒരു കാര്‍ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉച്ചയ്ക്ക് ഒന്നരമണിയോടെയാണ് സ്‌ഫോടനം നടന്നതെന്ന് സിവില്‍ ഡിഫന്‍സ് ഓഫീസര്‍ ബിമല്‍ നത്‌വാനി പറഞ്ഞു. സ്‌ഫോടനം നടക്കുന്നതിന് ഒന്നര കിലോമീറ്റര്‍ അപ്പുറത്ത് വരെ പ്രകമ്പനം സൃഷ്ടിച്ചുവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.