മിറ്റിഗേഷൻ അന്വേഷണം: വധശിക്ഷ കുറപ്പിച്ചതും ഉറപ്പിച്ചതും

Friday 24 May 2024 12:34 AM IST

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ ജയിൽവാസത്തിനിടെ സ്വയം നവീകരിക്കപ്പെടാൻ സാദ്ധ്യതയുണ്ടോ? ശിക്ഷ ലഘൂകരിക്കേണ്ടതുണ്ടോ? ഇത് വിലയിരുത്താനാണ് മിറ്റിഗേഷൻ അന്വേഷണത്തിന് ഉയർന്ന കോടതികൾ നിർദ്ദേശിക്കുന്നത്. കോടതി നിയോഗിക്കുന്ന ഏജൻസിയാണ് പ്രതികളുടെ ജീവിത പശ്ചാത്തലം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത്.#

രാജ്യത്തെ പരമാവധി ശിക്ഷയായ വധശിക്ഷ സംബന്ധിച്ച് നിയമവൃത്തങ്ങൾ തന്നെ രണ്ടുതട്ടിലാണ്. ബ്രിട്ടീഷ് ഭരണകാലത്തെ കിരാതനിയമത്തിന്റെ ഭാഗമായ വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം ഒരുഭാഗത്ത്. രക്തമുറയുന്ന കുറ്റകൃത്യങ്ങൾക്ക് മുതിരുന്നവ‌‌ർക്ക് താക്കീതാകാൻ തൂക്കുകയർ തുടരണമെന്ന വാദം മറുഭാഗത്ത്. അതേസമയം ചില രാജ്യങ്ങൾ ചെയ്തതുപോലെ വധശിക്ഷ ഒഴിവാക്കാൻ ഇന്ത്യ ഒരുക്കമല്ല. ഇന്ത്യൻ ശിക്ഷാനിയമം അടക്കം പരിഷ്കരിച്ച് പുതിയ ന്യായസംഹിത ജൂലായിൽ പ്രാബല്യത്തിലാകുമ്പോഴും 'ക്യാപിറ്റൽ പണിഷ്മെന്റ്' തുടരും. എന്നാൽ തൂക്കുമരം കാത്തിരിക്കുന്ന പ്രതികൾക്ക് അൽപം പ്രതീക്ഷ പകരുന്നവിധം ചില നടപടികൾക്ക് അടുത്തകാലത്ത് സുപ്രീംകോടതി മുൻകൈയെടുത്തിട്ടുണ്ട്. അതാണ് മിറ്റിഗേഷൻ അന്വേഷണം. പ്രതി മാനസാനന്തരപ്പെടാനോ സ്വയം നവീകരിക്കാനോ ഉള്ള സാദ്ധ്യതകൾ കോടതി നിയോഗിക്കുന്ന ഏജൻസി പരിശോധിച്ച് റിപ്പോർട്ട് സമ‌ർപ്പിക്കും. ശിക്ഷയിൽ ഇളവുകിട്ടി പ്രതി സമൂഹത്തിലേക്ക് തിരിച്ചെത്തിയാൽ പൊരുത്തപ്പെട്ടു ജീവിക്കാനുള്ള സാദ്ധ്യതകളും വിലയിരുത്തും. വധശിക്ഷകളിലുള്ള അപ്പീലിൽ കോടതി ഇത് പരിഗണിക്കും. മിറ്റിഗേഷൻ എന്നാൽ ലഘൂകരണമാണ്. പക്ഷേ അന്തിമതീരുമാനം ന്യായാധിപന്മാരുടേതായിരിക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ ഹൈക്കോടതി പരിഗണിച്ച രണ്ട് കൊലക്കേസുകളിൽ ഒരെണ്ണത്തിൽ മിറ്റിഗേഷൻ റിപ്പോർട്ട് പ്രതിക്ക് തുണയായപ്പോൾ രണ്ടാമത്തേതിൽ അത് ഏശിയില്ല. പാറമ്പുഴ കൂട്ടക്കൊലക്കേസിലെ വധശിക്ഷ ഇളവുചെയ്തതും പെരുമ്പാവൂർ മാനഭംഗക്കേസ് പ്രതിയുടെ ശിക്ഷ ശരിവച്ചതുമാണ് പരാമർശവിഷയം. രണ്ടുകേസിലും മിറ്റിഗേഷൻ അന്വേഷണം നടത്തിയത് 'പ്രോജക്ട് 38 എ' എന്ന എൻ.ജി.ഒയിലെ നൂറിയ അൻസാരിയുടെ നേതൃത്വത്തിലാണ്. ഡൽഹി നാഷണൽ ലാ യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള ഏജൻസിയാണിത്.

പാറമ്പുഴ കൂട്ടക്കൊലക്കേസ്

2015 മേയ് 16 ന് പാറമ്പുഴയിൽ ഡ്രൈ ക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺലാൽ എന്നിവർ കൊല്ലപ്പെട്ടതാണ് കേസ്. ഇവരുടെ ജോലിക്കാരനായിരുന്ന ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി നരേന്ദ്രകുമാറാണ് പ്രതി. വിചാരണക്കോടതി ഇയാൾക്കു വിധിച്ച വധശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തു. നരേന്ദ്രകുമാർ ജയിലിൽ മാതൃകാപരമായാണ് പെരുമാറിയതെന്ന് മിറ്റിഗേഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇയാൾ ഗായകനും ചിത്രകാരനുമാണ്. കയ്പേറിയ ജീവിതാനുഭവങ്ങളാണ് നരേന്ദ്രകുമാറിനെ ക്രിമിനലാക്കിയത്. ബാല്യത്തിലെ ദുരിതവും അസ്വസ്ഥമായ കുടുംബജീവിതവും മറ്റുകാരണങ്ങളാണ്. കടുത്തദാരിദ്ര്യവും എങ്ങനേയും പണമുണ്ടാക്കണമെന്ന ചിന്തയുമാണ് പ്രതിയെ കുറ്റക‌ൃത്യത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പരാമ‌ർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, നരേന്ദ്രകുമാർ മാനസാന്തരപ്പെടാനുള്ള സാദ്ധ്യത മുൻനിർത്തിയാണ് ഹൈക്കോടതി വധശിക്ഷ ഇളവ് ചെയ്തത്.

പെരുമ്പാവൂർ മാനഭംഗക്കൊല

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനി അതിക്രൂരമായ ലൈംഗികാക്രമണത്തിൽ കൊല്ലപ്പെട്ടത് 2016 ഏപ്രിൽ മാസമാണ്. പ്രതി അസം സ്വദേശി അമീറുൾ ഇസ്ലാമിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി ശരിവച്ചു. പ്രതി മാനസാന്തരപ്പെടാൻ സാദ്ധ്യതയുണ്ടെന്ന മിറ്റി ഗേഷൻ റിപ്പോർട്ട് തളളിയാണ് ഡിവിഷൻ ബെഞ്ച് തീരുമാനമെടുത്തത്. അമീറുൾ ഇസ്ലാമിനോടും ബന്ധുക്കളോടും സമുദായ പ്രതിനിധികളോടും സംസാരിച്ചാണ് പ്രോജക്ട് 39 A എന്ന ഏജൻസി റിപ്പോർട്ട് തയ്യാറാക്കിയത്. പ്രതിയുടെ ദരിദ്ര ചുറ്റുപാട്, ചെറുപ്പത്തിലേ തൊഴിൽ തേടേണ്ടി വന്ന സാഹചര്യം തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിലുണ്ടായിരുന്നു. പിടിയിലാകുമ്പോൾ അമീറുൾ ഇസ്ലാമിന് 21 വയസ് മാത്രമായിരുന്നു പ്രായം. ജയിലിൽ ജോലികൾ കൃത്യമായി ചെയ്യുന്നുണ്ട്. ക്രിമിനൽ പശ്ചാത്തലമോ മാനസിക പ്രശ്നേമോ ഇല്ല. ഭാര്യ എവിടെയാണെന്ന് പ്രതിക്ക് ഇപ്പോൾ അറിയില്ല. ഒരു മകളുണ്ട്. വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കണമെന്ന് ആഗ്രഹമുണ്ട്. അതിനാൽ ശിക്ഷ ഇളവു ചെയ്താൽ സമൂഹവുമായി ഒത്തു പൊയ്ക്കൊള്ളുമെന്നതായിരുന്നു മിറ്റിഗേഷൻ റിപ്പോർട്ടിന്റെ സാരം. എന്നാൽ ഹൈക്കോടതി ഇത് കണക്കിലെടുത്തില്ല. നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം നിർഭയ കേസിന് സമാനമായ കുറ്റകൃത്യമാണെന്നും പ്രതി ദയ അർഹിക്കുന്നില്ലെന്നും കോടതി വിധിച്ചു.

മറ്റു കേസുകളിലും
മിറ്റിഗേഷൻ

കേരള ഹൈക്കോടതി മിറ്റിഗേഷൻ അന്വേഷണത്തിന് നിർദ്ദേശിച്ച ആദ്യ കേസുകളിൽപ്പെട്ടതാണ് പാറമ്പുഴയും പെരുമ്പാവൂരും. ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസും ചേർത്തല ദിവാകരൻ വധക്കേസുമാണ് മിറ്റിഗേഷൻ പുരോഗമിക്കുന്ന മറ്റു രണ്ടു കേസുകൾ. കാമുകി അനുശാന്തിയുടെ കുഞ്ഞിനേയും അമ്മായിയമ്മയേയും വീടാക്രമിച്ച് കൊലപ്പെടുത്തിയ നിനോ മാത്യുവാണ് ആറ്റിങ്ങൽ ഇരട്ടക്കൊലയിൽ വധശിക്ഷ കാത്തുകഴിയുന്നത്. 2014ലായിരുന്നു സംഭവം. കോൺഗ്രസ് നേതാവായിരുന്ന കെ.എസ്.ദിവാകരനെ വീട്ടിൽ കയറി തലയ്ക്കടിച്ചു കൊന്ന കേസിൽ സി.പി.എം. പ്രാദേശിക നേതാവ് ആർ.ബൈജുവിനാണ് തൂക്കുകയർ വിധിച്ചത്. 2009 ലെ കേസാണിത്. പ്രതികളുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസുകസിലും മിറ്റിഗേഷൻ അന്വേഷണ റിപ്പോർട്ട് നിർണായകമാകും. മിറ്റിഗേഷൻ ഒരു കീഴ്‌വഴക്കമായി വരുന്നതിന് പിന്നിൽ, അംഗരാജ്യങ്ങൾ വധശിക്ഷ ഒഴിവാക്കാൻ ശ്രമിക്കണമെന്ന ഐക്യരാഷ്ട്രസഭ പ്രമേയത്തിന്റെ പശ്ചാത്തലം കൂടിയുണ്ട്.

പാറാമ്പുഴ കൊലക്കേസിൽ പ്രതിക്ക് ഒഴിവാക്കിയപ്പോൾ വധശിക്ഷ ഇളവ്.

നിയമവിദ്യാർത്ഥിയുടെ കൊലപാതകത്തിൽ വധശിക്ഷ ശരിവെച്ചു.

Advertisement
Advertisement