പിടിമുറുക്കി ലഹരി, മയങ്ങി യുവതലമുറ

Friday 24 May 2024 12:39 AM IST

പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടും ലഹരിക്കടത്തും ഉപയോഗവും മുമ്പെങ്ങുമില്ലാത്ത വിധം നാട്ടിൽ വ്യാപകമാകുകയാണ്. അധികൃതർ പരമ്പരാഗത മാർഗങ്ങളിലൂടെ നിരീക്ഷണം തുടരുമ്പോൾ പുതുവഴികളിലൂടെ ലഹരി യുവാക്കളിലേക്ക് നിർബാധം ഒഴുകിയെത്തുകയാണ്. അന്തർ സംസ്ഥാന ബസുകൾ, കൊറിയർ സ്ഥാപനങ്ങൾ തുടങ്ങി സ്‌കൂൾ, കോളേജ് പരിസരങ്ങൾ, ലോഡ്ജ് മുറികൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ലഹരിക്കടത്ത്. ജോലിക്കും പഠനത്തിനുമായി ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെത്തി അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്നുവെന്ന വ്യാജേനയാണ് കാരിയർമാർ ബസിൽ കയറുന്നത്. പരിശോധനയും ഒറ്റും പേടിച്ച് ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ ഇറങ്ങി പിന്നീട് മറ്റ് ബസുകൾ കയറിയാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതെന്ന് എക്‌സൈസ് അധികൃതർ പറയുന്നു. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. അതേസമയം, ബസ് തടഞ്ഞു നിറുത്തി യാത്രക്കാരുടെ ബാഗുകൾ പുലർച്ചെയും മറ്റും പരിശോധിക്കുന്നതിന് പരിമിതികൾ ഏറെയുള്ളതായും അധികൃതർ വ്യക്തമാക്കുന്നു. കൊറിയർ വഴിയും വൻ തോതിൽ ലഹരി കടത്തുന്നതായി സൂചനയുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ വഴിയും പച്ചക്കറി, മറ്റു ചരക്കു വാഹനങ്ങൾ വഴിയുമെല്ലാം കഞ്ചാവ് ലഹരിമരുന്ന് കടത്ത് നടക്കുന്നുണ്ട്. എൽ.എസ്.ഡി സ്റ്റാമ്പ്, എം.ഡി.എം.എ തുടങ്ങിയവ കൂടുതലും ബംഗളൂരുവിൽ നിന്നാണ് പ്രധാനമായും എത്തുന്നതെന്നാണ് എക്‌സൈസ് നൽകുന്ന വിവരം. കഞ്ചാവ് കൂടുതലായും എത്തുന്നത് തെലങ്കാന, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. ഓരോ മാസത്തെയും കണക്കുകൾ പരിശോധിച്ചാൽ ലഹരിക്കടത്തിൽ പിടികൂടുന്നവരുടെ എണ്ണം കൂടിവരികയാണ്. പിടികൂടുന്ന എം.ഡി.എ, ഹാഷിഷ് ഓയിൽ, ബ്രൗൺഷുഗർ എന്നിവയുടെ അളവും കൂടുന്നുണ്ട്.

ഇരകൾ വിദ്യാർത്ഥികളും യുവാക്കളും

വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിയ്ക്ക് അടിമപ്പെടുത്തി പിന്നീട് കച്ചവടത്തിന് ഇറക്കുന്നതാണ് ലഹരി മാഫിയയുടെ തന്ത്രം. കാരിയറായി പോകുന്നവരെ ഒറ്റിക്കൊടുത്ത് പിടിപ്പിക്കുന്ന പണിയും സംഘത്തിനുണ്ട്. പിടിയിലാകുന്നതിലേറെയും 18നും 30നും ഇടയിൽ പ്രായമുള്ളവരാണ്. കുറഞ്ഞ അളവിൽപ്പോലും വലിയ വില ലഭിക്കുന്നതിനാൽ കടത്താനും എളുപ്പമാണ്. ടൂറിസം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഡി.ജെ പാർട്ടികൾക്കായും ലഹരിമരുന്നുകൾ എത്തിക്കുന്നുണ്ട്. ഒരിക്കൽ പിടിക്കപ്പെടുന്നവർ പിന്തിരിഞ്ഞ് പോകില്ലെന്നും വീണ്ടും വിൽപ്പനക്കാരാകുന്നതും പതിവാണ്. ലഹരി കടത്തിന് ഇടനിലക്കാരായി സ്ത്രീകളും രംഗത്തുണ്ട്. ലഹരി വാങ്ങാനുള്ള പണത്തിനായി ഇതിന് അടിമകളായവർ എന്തു മാർഗവും സ്വീകരിക്കും. ഇത് യുവാക്കളെ ക്രിമിനൽ പ്രവണതകളിലേക്ക് നയിക്കും. ന്യൂജൻ ലഹരികൾക്ക് പ്രത്യേകിച്ച് മണമോ മറ്റോ ഇല്ലാത്തതിനാൽ മാതാപിതാക്കൾക്കും മക്കൾ ഇത് ഉപയോഗിച്ചത് തിരിച്ചറിയാനും കഴിയില്ല.

കോഡ് ഭാഷ സജീവം

കോഡുഭാഷകൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണക്കാർ ഇടപാടുകൾ നടത്തുന്നത്. വർഷങ്ങളായി അന്താരാഷ്ട്ര സംഘങ്ങൾ ഉപയോഗിച്ചിരുന്ന കോഡുഭാഷകൾ അന്വേഷണ ഏജൻസികൾക്ക് പരിചിതമായതോടെ പുതിയ കോഡ് ഭാഷകൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് സംഘങ്ങൾ ഇടപാടുകൾ നടത്തുന്നത്. കഞ്ചാവിന് മരുന്ന് എന്ന വിളിപ്പേരും ഇടപാടുകാർ ഉപയോഗിച്ചിരുന്നു. സിന്തറ്റിക് ഡ്രഗ്സുകൾ കൊടുക്കാൻ പ്രത്യേക ഏജന്റുമാർ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇത് മോളി എന്ന വിളിപ്പേരിലാണ് ഇടപാടുകാർക്കിടയിൽ അറിയപ്പെടുന്നത്. കല്ല്, അല്ലെങ്കിൽ പവർ എന്ന കോഡുഭാഷയും ഇവർ ഉപയോഗിക്കുന്നുണ്ട്.

കാളകൂട വിഷം

പാർട്ടി ഡ്രഗ്സ് എന്ന പേരിൽ അറിയപ്പെടുന്ന മെത്തലിൻ ഡയോക്സി മെത് ആംഫ്റ്റമൈൻ എന്ന സിന്തറ്റിക് രാസവസ്തുവാണ് എം.ഡി.എം.എ. കൃത്രിമമായി നിർമിച്ചെടുക്കുന്നു എന്ന പ്രത്യേകതയാണ് എം.ഡി.എം.എയ്ക്കുള്ളത്. എക്സ്റ്റസി എന്നാണ് പലപ്പോഴും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ ഇതിനെ വിശേഷിപ്പിക്കാറുള്ളത്. വളരെ ചെറിയ അളവിൽ ഉപയോഗിച്ചാൽ തന്നെ കൂടുതൽ സമയം നീണ്ടു നിൽക്കുന്ന ലഹരി ലഭിക്കുമെന്നതിനാൽ നിശാപാർട്ടികളിലെ സജീവ സാന്നിദ്ധ്യമാണ്. മറ്റ് മയക്കുമരുന്നുകളിൽ നിന്ന് വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന ഉന്മാദാവസ്ഥയാണ് മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടവരെ എം.ഡി.എം.എ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു തവണ ഉപയോഗിച്ചാൽ തന്നെ അടിമപ്പെടും. ഉപയോഗിക്കുന്ന വ്യക്തിയുടെ വിശപ്പ് കെട്ടുപോകും. ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുകയും ചെയ്യും. ഉപയോഗം തുടങ്ങി കുറഞ്ഞ കാലയളവിൽ തന്നെ വ്യക്തിയുടെ ആരോഗ്യം ക്ഷയിക്കുകയോ മരണപ്പെടുകയോ ചെയ്യാം. ഒന്നോ രണ്ടോ തവണയിലെ ഉപയോഗം കൊണ്ടുതന്നെ മാരകമായ ആസക്തി ഉണ്ടാക്കുന്നതിനാൽ എം.ഡി.എം.എ ഉപയോഗിച്ചു തുടങ്ങുന്ന യുവാക്കൾ വളരെ എളുപ്പം അതിന് അടിമയാകുകയും പിന്നീട് സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന ഒരു മാനസികാവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും. അര ഗ്രാം എം.ഡി.എം.എ 5,000 മുതൽ 6000 രൂപ നിരക്കിലാണ് ചില്ലറ വിൽപ്പന നടത്തുന്നത്.

പിന്നിൽ അ‌ദൃശ്യ മാഫിയ

കഞ്ചാവ് വ്യാപാരം നടത്തി ടൂറിസ്റ്റ് ബസ് വ്യൂഹം സ്വന്തമാക്കിയവർ പോലുമുണ്ട്. ഇവരൊക്കെ ചെറിയ അളവ് കഞ്ചാവുമായി പിടിയിലാകുമെങ്കിലും ചുരുങ്ങിയ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങും. മയക്കുമരുന്നിന്റെ കണ്ണികൾ നീളുന്നത് അദൃശ്യ ശക്തികളിലേക്കാണെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. ബൈപാസ് റോഡുകളും ആളൊഴിഞ്ഞ ഇടങ്ങളുമാണ് മയക്കുമരുന്നു മാഫിയയുടെ വിഹാര കേന്ദ്രങ്ങൾ. പൊലീസിന്റെ നിരീക്ഷണം കാര്യമായി എത്താത്ത മേഖലകളിലാണ് ഇവരുടെ ഇടപാടുകൾ ഏറെയും. വിദ്യാർത്ഥികൾക്ക് പുറമേ ഇതര സംസ്ഥാന തൊഴിലാളികളും വൻ തോതിൽ മയക്കുമരുന്നിന്റെ ഉപഭോക്താക്കളാണ്. ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശംവച്ചതിന് പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും. ഇത് മുതലാക്കി ചെറിയ അളവുകളിലാകും വിൽപ്പനക്കാർ കഞ്ചാവ് കൈവശം വയ്ക്കുക. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഭൂരിഭാഗം പ്രതികളും തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുന്നതാണ് പതിവ്. കഞ്ചാവ് പോലുള്ള നാച്ചുറൽ ലഹരികളിൽ നിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും പോലുള്ളവയാണ് സിന്തറ്റിക് ലഹരികൾ. ഇവയ്ക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുളോളം ലഹരി നിൽക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകം. എം.ഡി.എം.എ കൈവശം വെച്ചതിന് തൊടുപുഴയിൽ പിടിയിലായ പൊലീസുകാരന്റെ ഇടപെടൽമൂലം കഞ്ചാവ് സംഘങ്ങളെ കുടുക്കാനുള്ള നീക്കം ഒരിക്കൽ പാളിയതായി പൊലീസിൽ സംസാരമുണ്ട്. ഡാൻസാഫ് പോലെയുള്ള മയക്കുമരുന്ന് വിരുദ്ധ സേനകളിലെ പൊലീസുകാർക്ക് പലപ്പോഴും മയക്കുമരുന്ന് സംഘങ്ങളുടെ ഭീഷണിയും നേരിടേണ്ടിവരുന്നുണ്ട്.

Advertisement
Advertisement