റേവ് പാർട്ടി ; നടി ഹേമ ഉൾപ്പെടെ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പൊലീസ്,​ പരിശോധനാ ഫലം പുറത്ത്

Thursday 23 May 2024 7:40 PM IST

ബംഗളൂരു: ബംഗളൂരുവിലെ ഫാംഹൗസിൽ നടന്ന റേവ് പാ‌ർട്ടിയിൽ പങ്കെടുത്തവരുടെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവന്നു. തെലുങ്കു നടി ഹേമ ഉൾപ്പെ

ടെ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. പാർട്ടിയിൽ 73 പുരുഷൻമാരും 30 സ്ത്രീകളും പങ്കെടുത്തതായാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. പരിശോധനയിൽ 59 പുരുഷൻമാരുടെയും 27 സ്ത്രീകളുടെയും രക്തസാമ്പിളുകളുടെ പരിശോധനാഫലം പോസിറ്റീവായി.

കേസ് സെൻട്രൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. രക്തസാമ്പിളുകൾ പോസിറ്റീവായി കണ്ടെത്തിയവർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും. പാർട്ടിക്കെത്തിയ എല്ലാവരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കും.

മേയ് 20ന് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിക്കിടെ ക്രൈംബ്രാഞ്ച് നടത്തിയ റെയ്‌ഡിൽ 17എം.ഡി.എം.എ ഗുളികകളും കൊക്കെയ്നും ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ മറവിലാണ് പാർട്ടി നടത്തിയതെന്നും പൊലീസ് പറഞ്ഞു. ആന്ധ്രയിൽ നിന്നും ബംഗളുരുവിൽ നിന്നും സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പാർട്ടിയിൽ പങ്കെടുത്തത്. റിയൽ എസ്റ്റേറ്റ് കമ്പനി കോൺകാർഡിന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്. ഹൈദരാബാദ് ആസ്ഥാനമായുള്ള വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.