രണ്ടു വകുപ്പുകളുടെ അഴിമതി മത്സരം!

Friday 24 May 2024 12:45 AM IST

ഏതു സർക്കാർ വകുപ്പിനെ അവഗണിക്കാമെന്നു വച്ചാലും,​ ജനത്തിന് അങ്ങനെ കണ്ടില്ലെന്നു നടിച്ച് ജീവിച്ചുപോകാൻ പറ്റാത്ത രണ്ടു വകുപ്പുകളാണ് തദ്ദേശ സ്വയംഭരണവും റവന്യുവും. ജനന രജിസ്ട്രേഷനിൽ തുടങ്ങി,​ മരണസർട്ടിഫിക്കറ്റ് വരെ നീളും തദ്ദേശവകുപ്പിന്റെ സേവനങ്ങൾ. ഒരുതുണ്ട് നിലമോ പുരയിടമോ സ്വന്തമായുള്ളവർക്കും,​ ഇത്തിരി മണ്ണ് സ്വന്തമാക്കാമെന്നു വിചാരിക്കുന്നവർക്കും റവന്യു വകുപ്പിനെയും ആശ്രയിക്കാതെ തരമില്ല. ഇങ്ങനെ ജീവിതവുമായി ബന്ധപ്പെട്ട കാക്കത്തൊള്ളായിരം ആവശ്യങ്ങൾക്കും സേവനങ്ങൾക്കും ആശ്രയിക്കേണ്ടിവരുന്ന വകുപ്പുകളായതുകൊണ്ടുതന്നെ കൈമടക്കിന്റെ കേദാരമെന്ന് പേരുദോഷം കേട്ടവയാണ് രണ്ടിടവും! മൂന്നുവർഷം മുമ്പ് അഴിമതി കേസുകളിൽ മുന്നിൽ റവന്യു വകുപ്പായിരുന്നെങ്കിൽ ഇക്കഴിഞ്ഞ വ‍ർഷം ആ സ്ഥാനം തദ്ദേശവകുപ്പ് പിടിച്ചെടുത്തെന്നേയുള്ളൂ. ഇതിനിടെ രണ്ടുവർഷം മുമ്പ് ഇരുവകുപ്പുകളും അക്കാര്യത്തിൽ സമനില പാലിക്കുകയും ചെയ്തു!

അഴിമതി കേസുകളുടെ കണക്കുകൾ വ്യക്തമാക്കി ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട് (അഴിമതിയിൽ ഒന്നാമതെത്താൻ തദ്ദേശ- റവന്യു പോരാട്ടം)​ അമ്പരപ്പിക്കുന്നതു മാത്രമല്ല,​ നാണക്കേടു തോന്നിക്കുന്നതുമാണ്. കഴിഞ്ഞ വർഷം അറുപത്തിയഞ്ച് സർക്കാർ വകുപ്പുകളിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത 427 കേസുകളിൽ 95 എണ്ണവും തദ്ദേശത്തിലായിരുന്നു. റവന്യുവും പിന്നിലല്ല- 76 കേസ്! പൊതുജനങ്ങൾക്കുള്ള സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുന്നതിനും,​ അഴിമതി നിർമ്മാർജ്ജനം ചെയ്യുന്നതിനാണ് പരമാവധി സേവനങ്ങൾ സർക്കാർ ഓൺലൈനിലേക്കു മാറ്റിയത്. ഇങ്ങനെ ഏറ്റവുമധികം സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കേണ്ട വകുപ്പാണ് തദ്ദേശ സ്വയംഭരണം. അവിടെയാണ് കൈക്കൂലി കേസുകളുടെ കൂത്തരങ്ങ് എന്നതാണ് ഏറ്റവും വിചിത്രം! ഓൺലൈനിൽ ലഭ്യമാകുന്ന പല സേവനങ്ങളുടെ കാര്യത്തിലും ബന്ധപ്പെട്ട ഓഫീസർ നേരിട്ട് രേഖപ്പെടുത്തുന്ന ഒപ്പ് നിർബന്ധമാക്കിയും മറ്റുമാണ് ആ സൗകര്യത്തിന് തുരങ്കംവയ്ക്കാൻ ഉദ്യോഗസ്ഥർ കണ്ടെത്തിയ കുറുക്കുവഴി!

റവന്യു വകുപ്പിന്റെ കാര്യത്തിലാണെങ്കിൽ,​ അതിസങ്കീർണമാണ് ഭൂമി,​ ഭൂമി കൈമാറ്റം,​ തരംമാറ്റം,​ അനന്തരാവകാശം,​ കെട്ടിട നിർമ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പല നിയമങ്ങളും ചട്ടങ്ങളും. നിയമങ്ങളുടെ കാര്യത്തിൽ പണ്ടത്തെ ബ്രിട്ടീഷ് കാർക്കശ്യം നമ്മൾ ഇതുവരെ കൈവിട്ടിട്ടില്ല. നിയമങ്ങൾ ജനങ്ങൾക്കു വേണ്ടിയാണെങ്കിലും അതു കേട്ടാലോ വായിച്ചാലോ വ്യാഖ്യാനിച്ചാലോ പൊതുജനത്തിന് പിടികിട്ടരുതന്നെ കാര്യത്തിൽ ആ നിയമം നിർമ്മിച്ചവർക്ക് നിർബന്ധബുദ്ധി ഉണ്ടായിരുന്നെന്നു തോന്നും! നിയമങ്ങൾ എപ്പോഴും ലളിതമാകണമെന്നില്ല. എങ്കിലും അതിൽ നിലവിലുള്ള സങ്കീർണത കഴിയുന്നത്ര ഒഴിവാക്കുകയും,​ സേവനലഭ്യത സുതാര്യമാക്കുകയും ചെയ്താൽത്തന്നെ അഴിമതി കാര്യമായി കുറയും. നിയമങ്ങൾ അഴിയാക്കുരുക്കു തീർക്കുകയും,​ ചട്ടങ്ങൾ കീറാമുട്ടിയാവുകയും ചെയ്യുമ്പോഴാണ് ജനം അതു മറികടക്കാൻ കൈക്കൂലിക്കു മുതിരുന്നത്. ആ നിയമക്കെണി തന്നെയാണ് ഉദ്യോഗസ്ഥർ മുതലെടുക്കുന്നതും. അഴിമതി കുറയണമെങ്കിൽ ഇത്തരം കുരുക്കുകൾ കാലോചിതമായി അഴിച്ചെടുക്കുക തന്നെ വേണം.

Advertisement
Advertisement