പാർശ്വഫലപ്പേടി കാര്യമറിയാതെ

Friday 24 May 2024 12:52 AM IST

കൊവിഡ് വാക്സിനുകളായ കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയുടെ പാർശ്വഫലങ്ങളെക്കുറിച്ച് ചർച്ച നടക്കുകയാണ്. കൊവിഷീൽഡിന് അപൂർവമായി പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്ന് ബ്രിട്ടീഷ് കോടതിയിൽ സത്യവാങ്മൂലം നല്കിയത് അതിന്റെ നിർമ്മാതാക്കളായ അസ്ട്ര സെനെക കമ്പനിയാണ്. കൊവാക്സിന്റെ പാർ‌ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തിയത് ബനാറസ് ഹിന്ദു സർവകലാശാലയും. വാക്സിനുകൾക്കെന്നല്ല,​ എല്ലാ മരുന്നുകൾക്കും പാർശ്വഫലങ്ങളുണ്ടാകാം. അക്കാര്യം നിർമ്മാണ കമ്പനികൾ പരസ്യപ്പെടുത്തുകയും ചെയ്യുന്നതാണ്. അപൂർവമായി പ്രകടമാകുന്ന പാർശ്വഫലങ്ങളെ പെരുപ്പിച്ചുകാട്ടി ജനങ്ങളിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്നത്,​ അതിലൂടെ മറ്റു ലക്ഷ്യങ്ങൾ ഉള്ളവരാകാം.

ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരിൽ,​ വാക്സിൻ എടുത്തവരും അല്ലാത്തവരുമായി ഇതുവരെ മരണമടഞ്ഞത്

5,​33,​570 പേരാണ്. രാജ്യത്ത്,​ കൊവിഷീൽഡ് വാക്സിൻ എടുത്തപ്പോൾ പാർശ്വഫലങ്ങൾ കണ്ടെത്തിയത് 268 പേർക്ക്. അതുതന്നെ ചികിത്സയിലൂടെ ഭേദമാക്കാൻ കഴിയുകയും ചെയ്തു. കൊവിഷിൽഡ് വാക്സിനെടുത്തവർ,​ ഭാവിയിൽ രക്തം കട്ടപിടിക്കുന്നതു മൂലവും ഹൃദ്രോഗവും കാരണം മരിക്കാനിടയുണ്ടെന്നാണ് കള്ള പ്രചാരണം. ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന ഏത് മരുന്നിന്റെയും കാലാവധി 36 മാസത്തിൽ താഴെയാണ്. മരുന്ന് ശരീരത്തിൽ കുത്തിവച്ചാൽ നാലു ദിവസത്തിനകം പാർശ്വഫലങ്ങൾ പ്രകടമാവും. ഏറ്റവും കൂടിയാൽ 90 ദിവസം. അതുകൊണ്ടാണ്

പേവിഷബാധയേറ്റ രോഗി വാക്സിൻ കുത്തിവച്ചില്ലെങ്കിൽ 90 ദിവസത്തിനകം രോഗം മൂർച്ഛിച്ച് മരിക്കുന്നത്.

മനുഷ്യ ശരീരത്തിൽ രോഗാണുക്കളും അവയ്‌ക്കെതിരെ നൽകുന്ന മരുന്നുകളും പ്രകടമായി പ്രവർത്തിക്കുന്നത് 90 ദിവസത്തിനുള്ളിൽ മാത്രമാണ് എന്നാണ് ബ്രിട്ടനിലെ ലൈസൻസിംഗ് ഏജൻസി എം.എച്ച്.ആർ.എയുടെ പഠനം പറയുന്നത്. കൊവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങൾ മൂലം ആളുകൾ മരിച്ചുവെന്ന നുണപ്രചാരണമാണ് തിരഞ്ഞെടുപ്പുകാലത്ത് ചില സാമൂഹ്യവിരുദ്ധ ശക്തികൾ പടച്ചുവിട്ടത്. 2021 ഏപ്രിലിലാണ് കൊവിഷീൽഡ് വാക്സിന് നിർമ്മാണ ലൈസൻസ് ലഭിച്ചത്. പാർശ്വഫലങ്ങളുണ്ടാകാമെന്ന മുന്നറിയിപ്പും അന്നേയുണ്ട്.

ഇന്ത്യയിൽ,​ കൊഷീൽഡ്,​ കൊവാക്സിൻ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിച്ചപ്പോൾ വാക്സിനുകളുടെ ഗുണനിലവാരവും പാർശ്വഫലങ്ങളും സംബന്ധിച്ച ലൈസൻസിംഗ് ഏജൻസികളുടെ റിപ്പോർട്ടുകളും പരിശോധിച്ചതാണ്. ഇപ്പോൾ ബ്രിട്ടനിലെ ആസ്ട്രാ സെനെക കകമ്പനി കോവിഷീൽഡ് ഉത്പാദനം നിറുത്തിയത് കൊറോണ രോഗമില്ലാത്തതുകൊണ്ടും,​ കൂടുതൽ ഗുണനിലവാരമുള്ളതും കൂടുതൽ മെച്ചപ്പെട്ടതുമായ വാക്സിനുകൾ ഇപ്പോൾ ലഭ്യമായതുകൊണ്ടുമാണ്. ഭാവിയിൽ ഇത്തരം വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ ലോകാരോഗ്യ സംഘടന കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

(ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് മുൻ മാനേജിംഗ് ഡയറക്ടറാണ് ലേഖകൻ)

Advertisement
Advertisement