സാമ്പത്തിക ദുർബല വിഭാഗ സംവരണം എന്ന തട്ടിപ്പ്

Friday 24 May 2024 12:54 AM IST

 പട്ടികജാതി- വർഗ, പിന്നാക്ക വികസന മന്ത്രി കെ. രാധാകൃഷ്ണന് ഒരു തുറന്ന കത്ത്

അധികാരസ്ഥാനങ്ങളിലും പദവികളിലും മതിയായ പ്രാതിനിദ്ധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക വിഭാഗങ്ങൾക്ക് അത് ഉറപ്പാക്കാനുള്ള ഒരു വ്യവസ്ഥയാണ് ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം. ഇത് പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതിയല്ല; മറിച്ച്,​ പ്രാതിനിദ്ധ്യമില്ലാത്തവർക്ക് പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥയാണ്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൽ മൂന്നുപേർ ശരിവയ്ക്കുകയും രണ്ടുപേർ എതിർക്കുകയും ചെയ്ത നിയമമാണ് ഇത്. ഒരാളുടെ വിധിയുടെ ബലത്തിൽ ഇപ്പോൾ ഇത് അംഗീകരിക്കപ്പെട്ടു.

ഈ നിയമം നിർബന്ധമായും നടപ്പാക്കണമെന്ന് വ്യവസ്ഥയില്ല. 'മാൻഡേറ്ററി" അല്ലെന്ന് സാരം. തമിഴ്നാട് സർക്കാർ ഇത് നടപ്പാക്കിയിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏതോ ഒന്ന് കോടതി വിധിക്കു ശേഷം ഈ നിയമം നിറുത്തിവച്ച വാർത്തയും കണ്ടിരുന്നു. നിയമനങ്ങൾക്കായി പൊതുവിഭാഗത്തിൽ നീക്കിവച്ചിട്ടുള്ള തസ്തികകളുടെ 10 ശതമാനം വരെ സാമ്പത്തികമായി ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് (ഇക്കണോമിക്കലി വീക്കർ സെക്ഷൻസ്- ഇ.ഡബ്ല്യു.എസ്)​ നീക്കിവയ്ക്കാം എന്നാണ് നിയമം. ഇങ്ങനെ നീക്കിവയ്ക്കുന്നത് അഞ്ചു ശതമാനമാകാം,​ രണ്ടു ശതമാനമാകാം,​ എട്ടു ശതമാനമാകാം; ഒന്നും നൽകാതെയുമിരിക്കാം!

എന്നിട്ടും കേരള സർക്കാർ മറ്റു പലരെയും പോലെ പരമാവധി പത്തു ശതമാനവും നീക്കിവച്ചു. പാവപ്പെട്ടവർക്കു വേണ്ടിയാണ് ഈ നടപടിയെങ്കിൽ എല്ലാ പാവപ്പെട്ടവരെയും അതിനായി പരിഗണിക്കണമായിരുന്നു. പക്ഷേ,​ പാവപ്പെട്ട പട്ടികജാതി- പട്ടികവർഗ- ഒ.ബി.സി വിഭാഗങ്ങളെ മാറ്റിനിറുത്തി. അതിലൂടെ ചാതുർവർണ്യ വ്യവസ്ഥ പുന:സ്ഥാപിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ഇത്. സവർണ വിഭാഗത്തിൽ എത്ര ജനങ്ങളുണ്ട്,​ അതിൽ പാവപ്പെട്ടവർ എത്ര ശതമാനമുണ്ട് എന്നതിൽ ഒരു കണക്കുപോലും ശാസ്ത്രീയമായും വിശ്വസനീയമായും സർക്കാർ കണ്ടെത്തിയിട്ടില്ല! പത്തു ശതമാനം സംവരണം നൽകത്തക്ക വിധം ഒരു റിപ്പോർട്ട് തയ്യാറാക്കാനാണ് കമ്മിഷനോട് സർക്കാർ ആവശ്യപ്പെട്ടത്. അതനുസരിച്ച് ഒരു റിപ്പോർട്ട് അദ്ദേഹം തയ്യാറാക്കി.

ലക്ഷപ്രഭുവിനും

സംവരണം!

യഥാർത്ഥത്തിലുള്ള പാവപ്പെട്ടവരെ (ബി.പി.എൽ)​ കണ്ടെത്തിയാൽ പത്തു ശതമാനത്തെ കണ്ടെത്താൻ കഴിയാതെ വരുന്നതുകൊണ്ട് രണ്ടര ഏക്കർ ഭൂമിയും നാലു ലക്ഷം രൂപ വരുമാനവുമുള്ള ലക്ഷപ്രഭുക്കളെ വരെ ഈ സംവരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. ഓപ്പൺ ക്വാട്ടയിൽ ഉള്ള ഒഴിവുകളുടെ പത്തു ശതമാനമാണ് അനുവദിച്ചിരുന്നതെങ്കിൽ; നൂറ് ഒഴിവുകളിൽ സംവരണ വിഭാഗങ്ങൾക്കുള്ള 50 നീക്കിയാൽ ശേഷിക്കുന്ന 50 ശതമാനത്തിന്റെ 10 ശതമാനമായ അഞ്ചു സീറ്റ് മാത്രമാണ് നൽകേണ്ടിയിരുന്നത്. പൊതു സമൂഹത്തോട് പരസ്യമായി പറഞ്ഞതിനു വിരുദ്ധമായി മൊത്തം ഒഴിവുകളുടെയും 10 ശതമാനം നൽകുകയാണ് ചെയ്തത്.

ഓപ്പൺ ക്വാട്ട എന്നത് സവർണർക്കു മാത്രമുള്ളതല്ല,​ അത് എസ്.സി,​ എസ്.ടി,​ ഒ.ബി.സി വിഭാഗങ്ങൾക്കു കൂടി അർഹമായതാണ്. അതുകൊണ്ടുതന്നെ അതിൽ നിന്ന് പത്തു ശതമാനം എടുത്തുമാറ്റിയാൽ ഈ വിഭാഗങ്ങൾക്ക് അർഹമായ ഒഴിവുകളും കൂടിയാണ് നഷ്ടമാകുന്നത്. നിയമം ഉണ്ടാക്കിയവർക്കും അതിന് പിന്തുണ നൽകുന്നവർക്കും ഇതെല്ലാം നന്നായി ബോദ്ധ്യമുള്ള കാര്യമാണ്. അതുകൊണ്ട് കൂടുതൽ വിശദീകരണം വേണമെന്നു കരുതുന്നില്ല.

ദേവസ്വം ബോർഡിലെ

സവർണ സംവരണം

സർക്കാർ ഖജനാവിൽ നിന്ന് ശമ്പളവും സഹായവും നൽകി പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ പട്ടിക വിഭാഗങ്ങളുടെ പ്രാതിനിദ്ധ്യക്കുറവ് സംബന്ധിച്ച് വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ എല്ലാം ഉൾക്കൊള്ളുന്നുണ്ട്. അത് പരിഹരിക്കപ്പെടേണ്ടതാണെന്നും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും കൂട്ടിച്ചേർത്തതും ശ്രദ്ധേയമാണ്. അതിനു കഴിയാതെ വരുന്ന സാഹചര്യവും തിരിച്ചറിയുന്നുണ്ട്. ഈ സന്ദർഭത്തിൽ 2017-ൽ ദേവസ്വം ബോർഡുകളിൽ സവർണ ജാതി സംവരണം ഏർപ്പെടുത്തിയത് ഓർമ്മപ്പെടുത്തുന്നു. ഒരു പരിശോധനയും പരിഗണനയും പഠന റിപ്പോർട്ടുകളുമില്ലാതെ ഏകപക്ഷീയമായി പത്തു ശതമാനം സവർണ ജാതി സംവരണം അവിടെ ഏർപ്പെടുത്തി. ആ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 95 ശതമാനത്തിലധികവും സവർണർ ആയിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്,​ ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തുമെന്ന സർക്കാർ ഉത്തരവ് ഏറെ പ്രതീക്ഷ നൽകുന്നു. സവർണ ജാതി സംവരണം ഏർപ്പെടുത്തിയ വേഗതയുടെ പകുതിയെങ്കിലും ഈ വിഷയത്തിൽ സ്വീകരിച്ച് ഇനിയും വൈകാതെ പട്ടികജാതി,​പട്ടിക വർഗ,​ ഒ.ബി.സി സംവരണം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ആ ടേൺ

മാറ്റണം

ദേവസ്വം ബോർഡിലെ നിയമന റൊട്ടേഷനിൽ പട്ടികജാതിക്ക് അനുവദിച്ചിരിക്കുന്ന നാലാമത്തെ ടേൺ അവർക്ക് പ്രയോജനപ്പെടാതെ വന്നിരിക്കുകയാണ്. മൂന്നാമത്തെ ടേൺ ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ സവർണർക്ക് സംവരണം ചെയ്തതിനാൽ നാലാമത്തെ ഒഴിവു ലഭിക്കേണ്ട പട്ടിക വിഭാഗത്തിന് നിയമനം ലഭിക്കണമെങ്കിൽ അറ് ഒഴിവു വേണ്ടിവരും. ഇ.ഡബ്ല്യു.എസ് ടേൺ ആറാമത് നൽകുകയാണ് വേണ്ടിയിരുന്നത്. ഈ അപാകത പരിഹരിക്കുവാൻ നടപടിയുണ്ടാവണം.

വിദ്യാഭ്യാസ മേഖലയിൽ അനുവദിച്ചിട്ടുള്ള സംവരണം വിവിധ കോഴ്സുകൾക്ക് വിവിധ തോതിലാണ്. 20 ശതമാനം മുതൽ 30 ശതമാനം വരെ വിവിധ നിരക്കാണ്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 20 ശതമാനവും,​പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിൽ 30 ശതമാനവുമാണ് നിലവിലുള്ളത്. ഹയർ സെക്കൻഡറി,​ വി.എച്ച്.എസ്.ഇ എന്നിവിടങ്ങളിൽ മറ്റൊരു നിരക്ക്. ഉദ്യോഗ മേഖലയിൽ അനുവദിച്ചിട്ടുള്ളതു പോലെ വിദ്യാഭ്യാസ മേഖലയിലും പട്ടികജാതി,​ പട്ടികവർഗ,​ ഒ.ബി.സി വിഭാഗങ്ങൾക്ക് 50 ശതമാനം സീറ്റുകൾ ലഭിക്കുവാൻ അർഹതയുണ്ട്.

അതിനാവശ്യമായ നടപടികളും ഉണ്ടാവണം.

അൾബലമില്ലാത്ത

സമുദായങ്ങൾ

ദീർഘകാലമായി സംവരണം തുടരുന്നുണ്ടെങ്കിലും അംഗസംഖ്യയിൽ വളരെ കുറവുള്ള പല സമുദായങ്ങൾക്കും പ്രാതിനിദ്ധ്യം ലഭിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യത്തിൽ ഉദ്യോഗലബ്ധിയും അപ്രാപ്യമായിരിക്കുന്നു. അതിനൊരു പരിഹാരം ഉണ്ടാവുന്നതിന് എല്ലാ വിദ്യാഭ്യാസ കോഴ്സുകളിലും അത്തരം സമുദായങ്ങൾക്ക് ഏതാനും സീറ്റുകൾ മാറ്റിവയ്ക്കുവാൻ ആവശ്യമായ ഉത്തരവ് ഉണ്ടാവണം. കുറച്ചുകാലം മുമ്പുവരെ ആംഗ്ലോ ഇന്ത്യൻ/ ജൂതർ എന്നിവർക്ക് അത്തരമൊരു വ്യവസ്ഥ ഉണ്ടായിരുന്നു.

മേൽ പരാമർശിച്ച വിഷയങ്ങൾ പരിഹരിക്കുന്നതിന് ഒരു വകുപ്പു മന്ത്രിക്ക് സാധിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട്,​ പട്ടികജാതി,​ പട്ടികവർഗ,​ പിന്നാക്ക വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രി എന്ന നിലയിൽ കെ. രാധാകൃഷ്ണൻ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ച് ഈ വിഭാഗങ്ങളോട് നീതി പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

(പിന്നാക്ക വിഭാഗ വികസന വകുപ്പ് റിട്ട. ഡയറക്ടർ ആണ് ലേഖകൻ. ഫോൺ: 94472 75809)​

Advertisement
Advertisement