സംവരണത്തിൽ വെള്ളം ചേർക്കരുത്

Friday 24 May 2024 12:56 AM IST

പശ്ചിമബംഗാളിൽ 2010-നു ശേഷം നൽകിയ അഞ്ചുലക്ഷത്തോളം ഒ.ബി.സി സർട്ടിഫിക്കറ്റുകൾ കൽക്കട്ട ഹൈക്കോടതി റദ്ദാക്കിയത് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. വിധി അംഗീകരിക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ബംഗാൾ സർക്കാരിന്റെ പ്രീണന നയത്തിനേറ്റ തിരിച്ചടി എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതികരിച്ചതോടെ രണ്ടുഘട്ടം തിരഞ്ഞെടുപ്പ് ബാക്കിയുള്ള ബംഗാളിലും പൊതുവെ ഇന്ത്യയൊട്ടാകെയും ചൂടുപിടിച്ച ചർച്ചകൾക്ക് ഈ വിധി വഴിയൊരുക്കും. 2012-ലെ നിയമപ്രകാരം സംവരണാനുകൂല്യം ലഭിച്ചവർക്കും നിയമന പ്രക്രിയയിൽ വിജയിച്ചവർക്കും ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റിസുമാരായ തപബ്രത ചക്രബർത്തി, രാജശേഖർ മന്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയതിനാൽ ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവരെ ഇത് ബാധിക്കില്ലെന്നത് ആശ്വാസകരമാണ്.

2012-ലെ പശ്ചിമബംഗാൾ പിന്നാക്ക വിഭാഗ നിയമപ്രകാരം വിവിധ വിഭാഗങ്ങൾക്ക് ഒ.ബി.സി പദവി അനുവദിച്ചതിനെതിരായ ഹർജിയാണ് കോടതി പരിഗണിച്ചത്. കൂടുതലും മുസ്ളിം വിഭാഗങ്ങൾക്കാണ് ആനുകൂല്യം ലഭിച്ചത്. ഈ വിഭാഗങ്ങൾക്ക് സംവരണം നൽകിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് റദ്ദാക്കിയത്. പകരം 1993-ലെ പശ്ചിമ ബംഗാൾ മറ്റ് പിന്നാക്ക വിഭാഗ നിയമ പ്രകാരം ഒ.ബി.സി വിഭാഗങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കാനും കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. നൂറ്റാണ്ടുകളോളം സാമൂഹ്യ പിന്നാക്കാവസ്ഥ അനുഭവിച്ച വിവിധ സാമുദായിക വിഭാഗങ്ങളെ മറ്റ് ഉയർന്ന വിഭാഗങ്ങൾക്കൊപ്പം എത്തിക്കാനായാണ് ഭരണഘടന സംവരണം വിഭാവനം ചെയ്തത്. കാലക്രമത്തിൽ രാഷ്ട്രീയ കക്ഷികൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി സംവരണത്തിൽ വെള്ളം ചേർത്തത് യഥാർത്ഥത്തിൽ സംവരണാനുകൂല്യം ലഭിക്കേണ്ട വിഭാഗങ്ങൾക്ക് ആ ആനുകൂല്യം കുറയാനും നഷ്ടപ്പെടാനും ഇടയാക്കിയിട്ടുണ്ട് . പ്രീണനത്തിന്റെ ഭാഗമായി ഏതെങ്കിലും വിഭാഗങ്ങളെ പുതുതായി ഉൾപ്പെടുത്തി വിപുലീകരിക്കേണ്ടതല്ല സംവരണ പട്ടിക.

ശാസ്‌ത്രീയമായി സംവരണം നടപ്പാക്കണമെങ്കിൽ ഓരോ പിന്നാക്ക വിഭാഗത്തിന്റെയും ഡേറ്റ സർക്കാരിന്റെ പക്കൽ വേണം. സംവരണം സംബന്ധിച്ച കേസിൽ വിവിധ പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യ സംബന്ധിച്ച ഡേറ്റ സമർപ്പിക്കാനാണ് സുപ്രീംകോടതിയും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ രാജ്യത്തൊട്ടാകെ ജാതി സെൻസസ് നടത്താത്തിടത്തോളം ഇത്തരം ഡേറ്റ സമർപ്പിക്കാൻ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും മുസ്ളിങ്ങൾക്കും ഒഴികെ, ഹിന്ദുക്കളായ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് കഴിയില്ല. അങ്ങനെ വരുമ്പോൾ സംവരണാനുകൂല്യം ലഭിക്കുന്ന ഈഴവർ ഉൾപ്പെടെയുള്ള മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് ഭാവിയിൽ ഈ ആനുകൂല്യം തന്നെ നഷ്ടപ്പെടാൻ ഇടയാകാം. മാത്രമല്ല പശ്ചിമബംഗാളിലെയും മറ്റും പോലെ പുതിയ വിഭാഗങ്ങളെ സംവരണ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തുമ്പോൾ നിലവിൽ ഈ ആനുകൂല്യം ലഭിച്ചുകൊണ്ടിരുന്ന പല വിഭാഗങ്ങൾക്കും അവസരങ്ങൾ കുറയുകയും നഷ്ടമാവുകയും ചെയ്യും.

നിലവിൽ സംവരണം ലഭിക്കുന്നവർക്ക് അവസരങ്ങൾ കുറയില്ലെന്ന് പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തുമ്പോൾ വിവിധ സർക്കാരുകൾ പറയുമെങ്കിലും ഫലത്തിൽ വിപരീതാനുഭവമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനാൽ ഇന്ത്യയൊട്ടാകെ ജാതി സെൻസസ് നടത്തിയതിനു ശേഷം മാത്രമേ ഏതൊരു സർക്കാരും പുതിയ വിഭാഗങ്ങളെ പട്ടികയിൽ ഉൾപ്പെടുത്താവൂ. ജാതി സെൻസസിന് ബി.ജെ.പി എതിരാണ്. എന്നാൽ ഇന്ത്യാസഖ്യം അതിനായി നിലകൊള്ളുകയും ചെയ്യുന്നു. രണ്ട് കൂട്ടരും സംവരണം ആയുധമാക്കി രാഷ്ട്രീയം കളിക്കുകയാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ പ്രീണനങ്ങളാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നത്. ഇതുകൊണ്ട് സംവരണാർഹരായ പിന്നാക്ക സമുദായങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല. അതിനാൽ ജാതി സെൻസസിനായുള്ള ശക്തമായ സമ്മർദ്ദം രാഷ്ട്രീയ നിറത്തിനപ്പുറം പിന്നാക്ക വിഭാഗങ്ങളിൽ നിന്നും അവരുടെ സംഘടനകളിൽ നിന്നും അതിശക്തമായി ഉയർന്നുവരണം. നൂറ്റാണ്ടുകളുടെ അനീതിക്ക് പരിഹാരമായുള്ള പ്രായശ്ചിത്തമാണ് സംവരണം. അല്ലാതെ അതാരെങ്കിലും അനർഹമായി നൽകുന്ന ഔദാര്യമല്ല. അതിൽ വെള്ളം ചേർത്ത് രാഷ്ട്രീയം കളിച്ചാൽ പശ്ചിമബംഗാൾ സർക്കാരിനേറ്റ പ്രഹരം കോടതികളിൽ നിന്ന് ഇത്തരം പ്രീണനങ്ങൾക്കു മുതിരുന്ന മറ്റ് സർക്കാരുകൾക്കും ഉണ്ടാകാതിരിക്കില്ല.

Advertisement
Advertisement