വിധു വസന്തത്തിന് 70

Friday 24 May 2024 12:40 AM IST

സിനിമ ഉപേക്ഷിച്ചത് അച്ഛന് നൽകിയ വാക്ക് - വിധുബാല

ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറാൻ കഴിഞ്ഞതാണ് വിധു ബാല എന്ന അഭിനേത്രിയെക്കുറിച്ചുള്ള ആദ്യ വിശേഷണം.വിധുബാല ഇന്ന് 70 ന്റെ നിറവിലേക്ക്. ഷീലയും ശാരദയും ജയഭാരതിയും നിറഞ്ഞുനിന്ന മലയാളസിനിമയിൽ കറുപ്പിന് അഴകെന്ന് തെളിയിച്ച നായിക എന്ന് വിശേഷണവുമുണ്ട്. പത്തുവയസ് മുതൽ 16 വർഷം സിനിമയിൽ അഭിനയിച്ചു. സിനിമ ഉപേക്ഷിച്ചത് അച്ഛനു നൽകിയ വാക്ക് പാലിക്കാനായിരുന്നു. സിനിമയിൽ അഭിനയിക്കണമെന്നാഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ ഒപ്പം നിന്നു. താൻ ആവശ്യപ്പെടുമ്പോൾ സിനിമ ഉപേക്ഷിക്കണമെന്ന് അച്ഛൻ അന്ന് പറഞ്ഞു .ഞാൻ അനുസരിച്ചു.പിന്നീടായിരുന്നു മുരളിയേട്ടനുമായി വിവാഹം. സിനിമാഭിനയം ഉപേക്ഷിച്ചതിനെക്കുറിച്ച് വിധുബാല മുമ്പ് പറഞ്ഞത് ഇങ്ങനെ.

പാലക്കാട് ചിറ്റൂരിലെ പ്രശസ്തമായ അമ്പാട്ട് തറവാട്ടിലെ മജീഷ്യൻ ഭാഗ്യനാഥ് ആണ് പിതാവ്.ഇന്ത്യൻ സ്വതന്ത്ര സമരപ്രവർത്തകർ കൂടിയായിരുന്നു ഭാഗ്യനാഥും ഭാര്യ സുലോചന നാലപ്പാട്ടും. അച്ഛന്റെ മാജിക്കും വിധുബാലയുടെ ഡാൻസും ഒരേ സ്റ്റേജിൽ നടന്നിട്ടുണ്ട്.അവിടെനിന്നാണ് വിധുബാലയുടെ കലാപ്രവർത്തനം ആരംഭിക്കുന്നത്.സ്കൂൾ മാസ്റ്റർ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് വെള്ളിത്തിര പ്രവേശം,

നസീറിന്റെയും മധുവിന്റെയും വിൻസെന്റിന്റെയും രാഘവന്റെയും ചിത്രങ്ങളിൽ നായികയായി.മോഹൻ, ജയൻ, സോമൻ, കമൽഹാസൻ എന്നിവരുടെ സിനിമകളിലും അഭിനയിച്ചു.

മലയാളത്തിലും തമിഴിലുമായി നൂറിലധികം ചിത്രങ്ങൾ.

1972 ൽ ഉമ്മാച്ചുവിൽ ആണ് വിധുബാല ആദ്യമായി പ്രണയരംഗത്ത് അഭിനയിക്കുന്നത്. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത മനുഷ്യപുത്രനിൽ വിൻസെന്റിന്റെ നായികയായി.

ഇതോടെ വിധുബാല വിൻസെന്റ് - ജോഡികൾ ഹിറ്റായി മാറി. കോളേജ് ഗേളിൽ നസീറിന്റെ നായികയായി.

സിനിമയോടൊപ്പമാണ് താൻ വളർന്നതെന്ന് വിധുബാല പറയാറുണ്ട്. ജീവിതത്തിൽ ആദ്യമായി സാരി ഉടുക്കുന്നത് സിനിമയ്ക്കുവേണ്ടിയാണ്. നസീർ ാ നായകനായ ടാക്സികാർ എന്ന ചിത്രമായിരുന്നു അത്. അന്ന് ജീവിക്കാൻ ഒട്ടും സമയമില്ലായിരുന്നു. ഒരു ദിവസമെങ്കിലും രാവില എട്ടുമണി വരെ ഉറങ്ങണമെന്ന് ആഗ്രഹിച്ചു. സിനിമ ഉപേക്ഷിച്ച ശേഷമാണ് ജീവിക്കാൻ തുടങ്ങിയത്. സിനിമയിലേക്ക് മടങ്ങി വരണമെന്ന് ഒരിക്കൽപ്പോലും ആഗ്രഹിച്ചില്ല. വിധുബാലയുടെ വാക്കുകൾ. 1981 ൽ റിലീസ് ചെയ്ത അഭിനയം ആണ് വിധുബാല അവസാനമായി അഭിനയിച്ച ചിത്രം .മാടമ്പിയിൽ അഭിനയിക്കാൻ ബി. ഉണ്ണിക്കൃഷ്ണൻ വിളിച്ചപ്പോഴും സ്നേഹപൂർവം നിരസിച്ചു. സിനിമ ഉപേക്ഷിച്ചെങ്കിലും ചാനൽ പരിപാടികളിൽ വിധുബാല സാന്നിദ്ധ്യമാകാറുണ്ട്.

ഇന്ത്യയിലെ പ്രമുഖ ഛായാഗ്രഹകൻ മധു അമ്പാട്ട് ആണ് സഹോദരൻ. സിനിമയിൽ മധു അമ്പാട്ട് സജീവമാകും മുൻപേ വിധുബാല സിനിമ ഉപേക്ഷിച്ചിരുന്നു. അതിനാൽ മധു അമ്പാട്ടിന്റെ ക്യാമറയിൽ വിധുബാലചിത്രങ്ങൾ പതിഞ്ഞില്ല . കോഴിക്കോടെ വീട്ടിൽ പിറന്നാൾ മധുരത്തിന്റെ ആഹ്ളാദത്തിലാണ് വിധുബാല.

.

Advertisement
Advertisement