ദേശീയപാതയിൽ വെള്ളക്കെട്ട് ഭീഷണി ,​ മഴ കനക്കും ആശങ്കയും

Friday 24 May 2024 12:19 AM IST
കഴിഞ്ഞ ദിവസത്തെ മഴയിൽ കരിവെള്ളൂർ ദേശീയ പാതയിൽ രൂപപ്പെട്ട വെള്ളക്കെട്ട്

കണ്ണൂർ: മഴ ശക്തമാകാൻ തുടങ്ങിയതോടെ ദേശീയപാത 66ലെ അണ്ടർപാസേജുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയാകുന്നു. എടക്കാട് ബസാർ, റെയിൽവേ സ്റ്റേഷൻ, മുഴപ്പിലങ്ങാട് എഫ്.സി.ഐ. എന്നിവിടങ്ങളിലെ അണ്ടർപാസേജുകളിലെല്ലാം വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. ഇതിനു പുറമെ പയ്യന്നൂർ, പിലാത്തറ, തളിപ്പറമ്പ് എന്നിവിടങ്ങളിലെല്ലാം ദേശീയ പാതയിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയുമുണ്ട്.

എടക്കാട് അടിപ്പാതയ്ക്ക് ഇരുവശത്തെയും സർവീസ് റോഡ് ഉയർന്നതും അണ്ടർപാസേജ് റോഡ് താഴ്ന്നതുമാണ് വെള്ളക്കെട്ടിന് കാരണമായത്. അണ്ടർപാസേജ് റോഡ് കോൺക്രീറ്റ് ചെയ്തതാണ്. അതുകൊണ്ടുതന്നെ റോഡ് ഉയർത്തുന്നത് പ്രായോഗികമല്ല. അണ്ടർപാസേജിനിരുവശവും മാത്രം സർവീസ് റോഡ് താഴ്ത്തുന്നതും പ്രതിസന്ധിയുണ്ടാക്കും. മുഴപ്പിലങ്ങാട് കുളംബസാറിലെ അണ്ടർപാസേജ് റോഡ് ഉയർത്തിയാൽ ചെറുവാഹനങ്ങൾക്ക് പോലും കടന്നുപോകാനാകാത്ത സ്ഥിതിയാവും. മഴ ഇനിയും ശക്തമാകുമ്പോൾ റോഡിൽ നിറയെ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതോടെ റോഡ് ഗതാഗതം പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് യാത്രക്കാർ.

കനത്തമഴ പെയ്യുന്നതോടെ അണ്ടർപാസേജ് റോഡിലൂടെ ഗതാഗതം ഏറെ ദുഷ്‌കരമാവുമെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ റോഡിനിരുവശവും ഓവുചാൽ പണിയണമെന്ന ആവശ്യവുമുയരുന്നുണ്ട്. സമാന രീതയിൽ ജില്ലയിലെ ദേശീയപാതയിൽ പലയിടങ്ങളിലും മഴ ശക്തമാകുന്നതോടു കൂടി വെള്ളക്കെട്ട് ഭീഷണി ഉയരുന്നുണ്ട്. കഴിഞ്ഞ വർഷവും മഴ ശക്തമായതോടെ ദേശീയപാതയിൽ വലിയ തോതിൽ വെള്ളക്കെട്ടുകളും മണ്ണൊലിപ്പും ഉണ്ടായിരുന്നു.

മഴവെള്ളത്തോടൊപ്പം പുതുതായി നിറച്ച മണ്ണും ഒഴുകിയെത്തുന്നതാണ് ദേശീയപാതയിൽ മറ്റൊരു ഭീഷണി. ദേശീയപാതയിൽ നിറക്കാനുള്ള മണ്ണ് കൂനകളാക്കി ഇട്ട നിലയിലാണ് പലയിടങ്ങളിലും. മഴ ശക്തമാകുമ്പോൾ മണൽ കൂനകൾ ഒലിച്ചിറങ്ങുന്നത് റോഡിലേക്കാണ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള മണ്ണും അണ്ടർപാസേജിലേക്ക് ഒലിച്ചിറങ്ങുന്ന നിലയിലാണ് പലയിടങ്ങളിലും.

അശാസ്ത്രീയം നീർച്ചാലുകൾ

പലയിടങ്ങളിലും പരമ്പരാഗത തോടുകളും നീർച്ചാലുകളും മണ്ണിട്ട് നികത്തുകയും പാതി വഴിയിൽ ഉപേക്ഷിച്ച സ്ഥിതിയുമാണ്. ഇത് വെള്ളക്കെട്ടുകൾ രൂക്ഷമാകാൻ ഇടയാക്കും. പുതിയ പാതക്കരികിലൂടെ ഒഴുകുന്ന തോടിന് അശാസ്ത്രീയമായാണ് പുതിയ ചാലുകൾ നിർമ്മിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.

അപകടസാദ്ധ്യത ഏറെ

ദേശീയപാതയിൽ അണ്ടർപാസേജിന്റെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ രാത്രിയിൽ അപകടസാദ്ധ്യത ഏറെയാണ്. പ്രത്യേകിച്ച് മഴ കനക്കുന്ന സാഹചര്യത്തിൽ. വഴിവിളക്കില്ലാത്തതാണ് പ്രധാന പ്രശ്നം. ഇത്തരം കേന്ദ്രങ്ങളിൽ അടിയന്തരമായി വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ചിലയിടങ്ങളിൽ ആറുവരിപ്പാതയുടെ ടാറിംഗ് ഭാഗികമായി നടത്തിയിട്ടുണ്ട്. ഇതുവഴി വാഹനങ്ങൾ അതിവേഗത്തിലാണ് കടന്നുപോകുന്നത്. ഇത്തരം സ്ഥലങ്ങളിൽ വേഗം നിയന്ത്രിക്കുന്നതിനായി സ്പീഡ് ലിമിറ്റ് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കേണ്ടതുണ്ട്.

ബാദ്ധ്യത കരാറുകാർക്ക്

നിർമ്മാണം നടക്കുന്ന ഘട്ടത്തിൽ ദേശീയപാതയിലെ യാത്രയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാദ്ധ്യത കരാറുകാർക്കാണ്. എന്നാൽ, മതിയായ സുരക്ഷാബോർഡുകളൊന്നും സ്ഥാപിക്കാതെയാണ് ഇവർ ഗതാഗതം വഴിതിരിച്ചുവിടുന്നത്.

Advertisement
Advertisement