അടിമാലി -കുമളി ദേശീയ പാതയിൽ മറഞ്ഞിരിക്കുന്നത് അപകടകെണി

Friday 24 May 2024 1:42 AM IST

കട്ടപ്പന: ഏത് നിമിഷവും നിലംപൊത്തുകയോ ശിഖരങ്ങൾ ഒടിഞ്ഞ് വീണോ അപകടം വരുത്താൻ ഒരുങ്ങി ഒരു പാത. അടിമാലി -കുമളി ദേശീയ പാതയുടെ ഭാഗമായ കട്ടപ്പന വള്ളക്കടവ് മുതൽ ആനവിലാസം വരെയുള്ള പാതയുടെ ഇരുവശത്തും ഏക്കറുകണക്കിന് ഏലത്തോട്ടങ്ങളാണ്.തോട്ടങ്ങളിൽ റോഡരികിൽ അപകട ഭീഷണിയായി നിരവധി വൻ വൃക്ഷങ്ങളുമുണ്ട്.ഇവയിൽ പലതുമാണ് കനത്ത മഴയിലും ശക്തമായ കാറ്റിലും കടപുഴകി റോഡിലേയ്ക്ക് വീഴുന്നത്.കഴിഞ്ഞ വർഷം കാലവർഷത്തിൽ ആനവിലാസത്തിന് സമീപത്ത് വാഹനത്തിന് മുകളിലേയ്ക്ക് വൻ മരം ഒടിഞ്ഞു വീണിരുന്നു.ഇതിന് ശേഷവും ഒന്നിലധികം തവണ ഏലത്തോട്ടങ്ങളിൽ നിന്നിരുന്ന മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കാലവർഷത്തിന് മുൻപായി ഇത്തരത്തിൽ ജീവന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന കളക്ടറുടെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല .
മഴയും കാറ്റും ശക്തമായാൽ ഇനിയും മരങ്ങൾ ഒടിഞ്ഞു വീഴുവാൻ സാദ്ധ്യത ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ടൂറിസം മേഖലകളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയായതിനാൽ വിനോദ സഞ്ചരികളുടേതുൾപ്പടെ നൂറു കണക്കിന് വാഹനങ്ങൾ ദിനം പ്രതി ഇത് വഴി കടന്ന് പോകുന്നുണ്ട്. പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് പുറമേ പ്രദേശവാസികൾക്കും വലിയ ഭീഷണിയാണ് ഈ വൻമരങ്ങൾ ഉയർത്തുന്നത്.
ജില്ലാ ഭരണകൂടവും വനം വകുപ്പും ഇടപെട്ട് തോട്ടം ഉടമകളെക്കൊണ്ട് അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്നാണ് യാത്രക്കാരും ആവശ്യപ്പെടുന്നത്.

Advertisement
Advertisement