മഴ ശക്തമായി; നെല്ല് കരയ്‌ക്കെത്തിക്കാൻ കർഷകരുടെ പെടാപ്പാട് 

Friday 24 May 2024 1:40 AM IST

മാന്നാർ: വേനൽ മഴ ശക്തമായതോടെ കൊയ്ത്ത് കഴിഞ്ഞ പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ല് മുങ്ങിപ്പോകാതിരിക്കാൻ കർഷകരുടെ പെടാപ്പാട്. കിഴിവ് കൂടുതൽ ആവശ്യപ്പെട്ട് മില്ലുകാർ നെല്ലെടുക്കാതിരിക്കുകയും തുടർന്ന് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് പ്രതിഷേധിക്കുകയും ചെയ്ത മാന്നാർ കുരട്ടിശ്ശേരി നാലുതോട് പാടശേഖരത്തിലാണ് കർഷകർ നെല്ല് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ പെടാപ്പാട് നടത്തിയത്. പ്രതിഷേധത്തെ തുടർന്ന് ചർച്ചയിൽ 10കിലോ കിഴിവിന് നെല്ലെടുക്കുമെന്ന് ഉറപ്പു നൽകുകയും രണ്ടു ലോഡ് നെല്ല് സംഭരിച്ച ശേഷം 15 ശതമാനം കിഴിവിന് നിർബന്ധം പിടിച്ചതോടെ ഗത്യന്തരമില്ലാതെ സമ്മതിക്കുകയുമായിരുന്നു കർഷകർ. പിന്നീട് ചാക്ക് വാങ്ങി നല്കണമെന്ന് മില്ലുകാർ പറഞ്ഞപ്പോൾ കർഷകർ 18000 രൂപ ചെലവിൽ 1500 ചാക്കും വാങ്ങി നൽകി. കനത്ത വേനലിൽ വിളവ് നാലിലൊന്ന് പോലുമില്ലാതെ കനത്ത ബാദ്ധ്യതയിൽ നിൽക്കുന്ന കർഷകരെ വീണ്ടും ചൂഷണം ചെയ്ത മില്ലുകാർ മഴയെത്തിയതോടെ നെല്ലെടുപ്പും നിർത്തി.

മില്ലുകാർ വന്നില്ല

ചെളി നിറഞ്ഞ ബണ്ട് റോഡിലൂടെ വലിയ വാഹനങ്ങൾക്ക് എത്താൻ ബുദ്ധിമുട്ടായതോടെ ചെറിയ വാഹനങ്ങളിൽ നെല്ല് കയറ്റി എത്തിക്കാൻ കർഷകർ തയ്യാറായെങ്കിലും ഒരു ദിവസം മാത്രമാണ് മില്ലുകാർ എത്തിയത്. ഇന്നലെ മില്ലുകാർ എത്താത്തതിനെ തുടർന്ന് കനത്ത മഴയിൽ ബാക്കി നെല്ലെങ്കിലും നഷ്ടപ്പെടാതിരിക്കാൻ പാടത്ത് നിന്ന് കരയ്‌ക്കെത്തിക്കാൻ ഏറെ പണിപ്പെട്ടു.കരയിലും സമീപത്തെ വീടുകളിലും മറ്റും നെല്ല് എത്തിച്ച് സംരക്ഷിക്കാൻ കഴിഞ്ഞതോടെ മില്ലുകാരുടെ വരവിനായുള്ള കാത്തിരിപ്പിലാണ് കർഷകർ. ഒരേക്കറിന് 40,​000-45,​000 വരെ ചെലവഴിച്ച് കൃഷി ചെയ്ത കർഷകന് ഇത്തവണ ഒരേക്കറിൽ ലഭിച്ച രണ്ടോ മൂന്നോ ക്വിന്റൽ നെല്ല് കൊയ്ത്ത് കൂലി കൊടുക്കാൻ മാത്രമാണ് തികയുക. ഇങ്ങനെയെങ്കിൽ ഭീമമായ നഷ്ടം സഹിച്ച് ഇനി നെൽകൃഷിക്ക് ആരും തയ്യാറാവില്ലെന്ന് നാലുതോട് പാടശേഖര സമിതി അറിയിച്ചു.

Advertisement
Advertisement