കനത്ത മഴ,​ ജനജീവിതം ദുരിതത്തിൽ: മൂന്ന് വീടുകൾ ഭാഗികമായി തകർന്നു, 18വീടുകൾ വെള്ളത്തിലായി

Friday 24 May 2024 12:43 AM IST

ആലപ്പുഴ: കാലവർഷത്തിന് മുമ്പേ തുടങ്ങിയ തുടർച്ചയായ മഴയിൽ ജില്ലയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. പാടശേഖരങ്ങളിലെ പുറംബണ്ട് കവിഞ്ഞു 18 വീടുകളിൽ വെള്ളം കയറി. കാർത്തികപ്പള്ളി, കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലായി 500ഓളം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു. മരങ്ങൾ കടപുഴുകി വീണാണ് ആര്യാട്, ആലപ്പുഴ വെസ്റ്റ്, ഭരണിക്കാവ് എന്നിവടങ്ങളിലെ വീടുകൾ തകർന്നത്. പുറക്കാട് അഞ്ചും ചമ്പക്കുളം പോരൂർക്കര സ്കൂളിന് സമീപം എട്ടും കാക്കാഴം പാലത്തിന് കിഴക്ക് അഞ്ചും വീടുകളിലാണ് വെള്ളം കയറിയത്. കരകൃഷി പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. തോരമഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുകയും കടലിൽ വേലിയേറ്റം ശക്തമാകുകയും ചെയ്തതോടെ ജില്ല അതീവ ജാഗ്രതയിലാണ്. പമ്പ - അച്ചൻ കോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലെ മിക്കപ്രദേശങ്ങളും വെള്ളത്തിലായി. കിഴക്കൻ ജില്ലകളിൽ അനുഭവപ്പെട്ട തോരാമഴയാണ് കാലാവർഷത്തിന് മുമ്പ് ജലവിതാനം ഉയർത്തിയത്. തോട്ടപ്പള്ളി സ്പിൽവേ തുറക്കാനുള്ള മുന്നൊരുക്കം ആരംഭിക്കാത്തത് ആശങ്കയായിട്ടുണ്ട്. കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, അമ്പലപ്പുഴ, മാവേലിക്കര താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. ഓരോ മണിക്കൂറും ആറുകളിലെ ജലനിരപ്പ് ഉയർന്നത് ആശങ്ക വർദ്ധിപ്പിച്ചു. കഴിഞ്ഞ 24മണിക്കൂറിൽ ജില്ലയിൽ ശരാശരി 119.34മി.മി മഴയാണ് രേഖപ്പെടുത്തിയത്. കൂടുതൽ ചേർത്തലയിലും കുറവ് കാർത്തികപ്പള്ളിയിലുമാണ്. ഇന്നലെ പുലർച്ചെ മുതൽ ജില്ലയിലെ മിക്കഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ തീരത്ത് കടലാക്രമണവും കടൽവെള്ളം ഇരച്ചുകയറുന്നതും രൂക്ഷമായി. പുനർ നിർമ്മിക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെയും ദേശീയപാതയും ഇടറോഡുകളുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതത്തിലാണ്. ജലനിരപ്പ് ഉയർന്നതിനാൽ വീടുകളിലെ കക്കൂസ് ടാങ്കുകൾ മുങ്ങിയത് പകർച്ചവ്യാധി ഭീഷണിക്ക് കാരണമായിട്ടുണ്ട്.

ആലപ്പുഴ നഗരത്തിലും തോരാമഴയിൽ താഴ്ന്ന ഭാഗങ്ങളിലെ വീടുകൾ വെള്ളക്കെട്ടിലാണ്. തുമ്പോളി, നെഹ്രുട്രോഫി, പള്ളാത്തുരുത്തി, കൊമ്മാടി, പൂന്തോപ്പ്, സഖറിയാ ബസാർ, ആലുശേരി, റെയിൽവേ സ്റ്റേഷൻ പരിസരം , ബീച്ച് , ഗുരുമന്ദിരം വാർഡുകളിലും താഴ്ന്ന ഭാഗങ്ങളിൽ വെള്ളത്തിലായി. നഗരത്തിൽ പൊതുമരാമത്ത്, നഗരസഭകളുടെ ഉടമസ്ഥതയിലുള്ള കാനകൾ കവിഞ്ഞൊഴുകി. സമീപത്തെ കടകളിൽ വെള്ളം കയറി.

മഴ അളവ് (മി.മീറ്ററിൽ)

ജില്ലയിൽ : 119.34

ചേർത്തല: 215

കാർത്തികപ്പള്ളി: 77

മങ്കൊമ്പ്: 104.2

മാവേലിക്കര: 94.2

കായംകുളം: 106.3

Advertisement
Advertisement