മഴക്കെടുതിയിൽ പൊറുതിമുട്ടി അരൂർ

Friday 24 May 2024 12:43 AM IST

അരൂർ: തോരാത്ത മഴയെ തുടർന്ന് അരൂർ, എഴുപുന്ന പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകളിൽ വെള്ളം കയറി. പല വീടുകളിലും അടുക്കളയിൽ വരെ വെള്ളംകയറി. ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ വീണ് വീടുകളും തകർന്നിട്ടുണ്ട്. ഗ്രാമീണ റോഡുകളും നടപ്പാതകളും വെള്ളത്തിൽ മുങ്ങിയതോടെ കുട്ടികൾക്കും വയോധികർക്കും പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി. ഇന്നലെ രാവിലെ ഏഴരയോടെ അരൂർ പഞ്ചായത്ത് ഏഴാം വാർഡിൽ ഇരട്ടക്കുളങ്ങരവെളി ബാബുവിന്റെ വീടിന് മുകളിൽ മരം കടപുഴകി വീണ് മേൽക്കൂര തകർന്നു. ഉറങ്ങിക്കിടന്നിരുന്ന കുട്ടികൾ തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അരൂർ പഞ്ചായത്ത് 5-ാം വാർഡ് പുളിക്കശ്ശേരി പോൾ ഗബ്രിയേലിന്റെ വീടിനു മുകളിൽ മരം വീണ് ജനൽച്ചില്ലകൾ തകർന്നു. അരൂർ ക്ഷേത്രം ജംഗ്ഷനിൽ അരുക്കുറ്റി ഭാഗത്തേക്കുള്ള ബസ്സോപ്പിലെ ബസ് കാത്തിരിപ്പ് കേന്ദ്രം വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന് ഇരുമ്പ് ബാരിക്കേഡ് സ്ഥാപിച്ചതിനെ തുടർന്ന് ഇരുഭാഗത്തുമുള്ള വീതി കുറഞ്ഞ റോഡിലാകെ കുഴികളും ചെളി നിറഞ്ഞ വെള്ളക്കെട്ടും രൂപപ്പെട്ടതിനാൽ ദേശീയപാതയിൽ ദിനം പ്രതി അപകടങ്ങളും ഏറുകയാണ്. ഇതു വഴിയുള്ള യാത്ര വാഹന യാത്രക്കാർക്ക് പേടിസ്വപ്നമായിട്ടും ബന്ധപ്പെട്ട അധികൃതർ യാതൊരു പരിഹാര നടപടികളും സ്വീകരിക്കാത്തതിൽ പ്രതിക്ഷേധം വ്യാപകമാണ്.

Advertisement
Advertisement