ആറ് മാസത്തിനിടെ മോഷ്ടിച്ചത് 30 ബൈക്കുകൾ, ഏഴംഗ സംഘം പിടിയിൽ

Friday 24 May 2024 1:49 AM IST

കൊല്ലം: നഗരത്തിൽ പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നുൾപ്പെടെ ബൈക്കുകൾ മോഷ്ടിച്ച, കൊല്ലം സ്വദേശികളായ ഏഴംഗ സംഘത്തെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറു മാസത്തിനിടെ മുപ്പതോളം ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്. പ്രതികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല.

നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് തമിഴ്‌നാട്ടിലെ ഗോഡൗണുകളിൽ കൊണ്ടുപോയി വിൽക്കുന്നതായിരുന്നു രീതി. ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപം, റെയിൽ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ സംഘം മോഷ്ടിച്ചിട്ടുണ്ട്. ഉടമകൾ പരാതിയുമായി സ്‌റ്റേഷനിലെത്തിയിരുന്നെങ്കിലും പ്രതികളെകുറിച്ച് പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബൈക്ക് മോഷ്ടാക്കളെ പിടിക്കാൻ പൊലീസ് വൈകുന്നുവെന്ന് 'കേരളകൗമുദി' മേയ്13ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണ സംഘത്തിലുള്ളവരെ രണ്ട് പേർ വീതമുള്ള അഞ്ച് സംഘങ്ങളാക്കി മഫ്തിയിൽ നിയോഗിച്ചു. പരമാവധി സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. പരിശോധനയിൽ, നഗരത്തിലെ നാലിടങ്ങളിൽ നിന്ന് ബൈക്ക് മോഷ്ടിക്കുന്ന ഒരാളുടെ ദൃശ്യം ലഭിച്ചു. ഇയാൾ തട്ടാമല സ്വദേശിയാണെന്നും ഒളിവിലാണെന്നും പൊലീസിന് ബോദ്ധ്യമായി. തുടർന്ന് ഇയാളുടെ ചിത്രം ഉൾപ്പെടുത്തി ഈസ്റ്റ് പൊലീസ് സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം പോസ്റ്റർ പ്രചരിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് ആറ് പേരെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിച്ചത്. പഴയ ബൈക്കുകളാണ് ഇവർ മോഷ്ടിച്ചതിൽ ഏറെയും. പൊളിച്ചുവിറ്റ ഭാഗങ്ങൾ ഉൾപ്പെടെ വീണ്ടെടുക്കാനും വാങ്ങിയവരെ കസ്റ്റഡിയിലെടുക്കാനുമാണ് പൊലീസിന്റെ പരിശ്രമം.

Advertisement
Advertisement