കെട്ടിപ്പിടിക്കുമ്പോള്‍ മോഹന്‍ലാല്‍ ഇക്കാര്യം പറയും, 40 വര്‍ഷമായുള്ള ശീലം തുറന്നുപറഞ്ഞ് ശോഭന

Thursday 23 May 2024 10:54 PM IST

മലയാള സിനിമ ചരിത്രത്തിലെ തന്നെ ഹിറ്റ് ജോഡിയാണ് മോഹന്‍ലാല്‍ -ശോഭന എന്നീ താരങ്ങള്‍. ഇരുവരും നായികാ നായകന്‍മാരായി 50ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ 64ാം പിറന്നാളിനിടെ ഇപ്പോഴിതാ ലാലേട്ടനെ കുറിച്ച് ശോഭന പറയുന്ന ഒരു കാര്യത്തിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. നടന്റെ 40 വര്‍ഷമായുള്ള ഒരു ശീലത്തെക്കുറിച്ചാണ് ശോഭന വീഡിയോയില്‍ പങ്കുവയ്ക്കുന്നത്.

കൂടെ അഭിനയിച്ചവരെ കുറിച്ചുള്ള അഭിപ്രായം പങ്കുവയ്ക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ കെട്ടിപ്പിടിക്കുന്ന സീനുകളില്‍ തന്നോട് 40 വര്‍ഷമായി പറയുന്ന ഒരു കാര്യമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ ആഴം സൂചിപ്പിച്ചുകൊണ്ട് തന്നെ ലാലു എന്നാണ് ലാലേട്ടനെ ശോഭന അഭിസംബോധന ചെയ്യുന്നത്. ഈ വീഡിയോയിലും അത് കേള്‍ക്കാന്‍ കഴിയും.

'ഇമോഷണല്‍ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കണ്ണില്‍ ഗ്ലിസറിന്‍ ഉപയോഗിച്ച ശേഷമാണ് ലാലുവിനെ കെട്ടിപ്പിടിക്കുന്നത്. ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലാലുവിന്റെ വസ്ത്രത്തില്‍ ഗ്ലിസറിന്‍ പതിയും. നിന്റെ മൂക്കട്ട എന്റെ ദേഹത്ത് ആക്കരുതെന്നാണ് തമാശ രൂപേണ ലാലു പറയാറുള്ളത്. അത് മൂക്കട്ടയല്ല ഗ്ലിസറിനാണെന്ന് എത്ര തവണ പറഞ്ഞാലും ലാലു പിന്നെയും ഇത് തന്നെ പറയും.' - ശോഭന പറയുന്നു.

ഒരു തമിഴ് ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശോഭന ഇക്കാര്യം തുറന്ന് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവും പുരോഗമിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയുടെ ചിത്രത്തിലൂടെയാണ് ഒരുമിക്കല്‍. എല്‍ 360 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.