14.5 കിലോ കഞ്ചാവ് പിടികൂടി, രണ്ട്പേർ അറസ്റ്റിൽ

Friday 24 May 2024 1:16 AM IST

കഞ്ഞിക്കുഴി: എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ നിന്നും വീട്ടിൽ നിന്നുമായി 14.5 കിലോ കഞ്ചാവ് പിടികൂടി, കേസിൽ രണ്ടുപേർ പിടിയിൽ. ചേലച്ചുവട് ബസ്റ്റാൻഡിന് സമീപം വച്ച് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് ആണ് ആദ്യം പിടികൂടിയത്. ഡ്രൈവർ പുഷ്പഗിരി സ്വദേശി സാബു(മൂപ്പൻ സാബു-53) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചെറുതോണി ഗാന്ധിനഗർ കാരക്കാട്ട് അനീഷ്(36) പിടിയിലായത്. ഇയാൾക്ക് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്നും കൂടുതൽ കഞ്ചാവ് വീട്ടിലുണ്ടെന്നുമാണ് സാബു മൊഴി നൽകിയത്. പിന്നാലെ നടത്തിയ പരിശോധനയിൽ അനീഷിന്റെ വീട്ടിൽ നിന്ന് 8.5 കിലോ കഞ്ചാവ് കൂടി പിടികൂടുകയായിരുന്നു.
പ്രതി സഞ്ചരിച്ച കാറും പിടിച്ചെടുത്തു. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും, ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. സ്‌ക്വാഡ് അംഗങ്ങളായ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ബി. രാജ്കുമാർ, സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൽ വഹാബ്, അസി എക്‌സൈസ് ഇൻസ്‌പെക്ടർഷാജി ജെയിംസ്, ഓഫീസർമാരായ അനീഷ് റ്റി.എ, അരുൺ കുമാർ എം.എം. സിജു മോൻ കെ.എൻ, ലിജോ ജോസഫ്, ആൽബിൻ ജോസ്, ഷോബിൻ മാത്യു, പി.സി. ജസ്റ്റിൻ, കെ.എം. സുരഭി, പി.കെ. ശശി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement