അട്ടപ്പാടി മലയിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസ്

Friday 24 May 2024 1:25 AM IST

മണ്ണാർക്കാട്: അട്ടപ്പാടിയിൽ വിനോദയാത്രക്കെത്തി നാലുമണിക്കൂറോളം മലയിൽ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു. ഇവർക്കെതിരെ വനം വകുപ്പ് കേസെടുത്തു. കള്ളമല മലവാരത്ത് കാട്ടിമലയിലാണ് മേലാറ്റൂർ സ്വദേശികളായ അഷ്‌കർ(19), സൽമാൻ(19), സെഹാനുദ്ദീൻ(19), മഹേഷ്(19) എന്നിവർ കുടുങ്ങിയത്. ചൊവ്വാഴ്ച അഞ്ച് മണിയോടെ ആയിരുന്നു സംഭവം. നാലുപേരും കള്ളമല മലവാരത്ത് കാട്ടിമല വ്യൂ പോയിന്റിലെത്തി അരമണിക്കൂർ കഴിഞ്ഞ് കോടമഞ്ഞ് മൂടിയതോടെ വഴിതെറ്റി വനത്തിലകപ്പെട്ടു. തുടർന്ന് ഇവർ പൊലീസിൽ വിളിച്ച് വിവരം പറഞ്ഞു. ലോക്കേഷനും അയച്ചുകൊടുത്തു.

തുടർന്ന് അഗളി സി.ഐ അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അഗ്നിരക്ഷാസേനയും അഗളി ദ്രുതപ്രതികരണസംഘവും ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ വനം ജീവനക്കാരും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനത്തിനായി മലയിൽ കയറി.

രാത്രി ഒൻപത് മണിയോടെ യുവാക്കളെ രക്ഷപ്പെടുത്തി താഴെയെത്തിച്ചു. നാലുപേരെയും ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. ഈ പ്രദേശത്ത് പ്രവേശനം വിലക്കിയത് അവഗണിച്ചാണ് നാലുപേരും വനത്തിൽ പ്രവേശിച്ചത്. അതിനാലാണ് വനംവകുപ്പ് കേസെടുത്തത്. 2022ൽ പാലക്കാട് കുറുബാച്ചി മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം രക്ഷപ്പെടുത്തിയിരുന്നു. സൈന്യം ഉൾപ്പെടെ എത്തിയാണ് അന്ന് ബാബുവിനെ രക്ഷപ്പെടുത്തിയത്.