അമ്പൂരി ഗുണ്ടാ ആക്രമണം: ഒളിവിലായിരുന്ന പ്രതിയും പിടിയിൽ

Friday 24 May 2024 1:27 AM IST

വെള്ളറട: അമ്പൂരി കണ്ണന്നൂരിൽ വീട് അടിച്ചുതകർക്കുകയും വഴിയാത്രക്കാരായ ദമ്പതികളേയും പാസ്റ്ററേയും ആക്രമിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന രണ്ടാംപ്രതിയും പിടിയിൽ. മലയിൻകീഴ് മണപ്പുറം കുഴമം വൃന്ദാവനത്തിൽ തക്കിടു എന്ന അഭിഷേകിനെയാണ് (23) ബുധനാഴ്ച രാത്രി 11.30ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ നാലു പ്രതികളും അറസ്റ്രിലായി.

ആക്രമണം നടന്ന 14ന് തമിഴ്നാട് അതിർത്തിയിലൂടെയാണ് ഇയാൾ രക്ഷപ്പെട്ടത്. അന്നു തന്നെ ബസ് മാർഗം തഞ്ചാവൂരിലേക്കും തുടർന്ന് ബംഗളൂരുവിലേക്കും കടക്കുകയായിരുന്നു. സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാതിരുന്ന ഇയാൾ വീട്ടുകാർക്ക് അയച്ച് ഇൻസ്റ്റഗ്രാം സന്ദേശത്തിലാണ് ഇന്നലെ വിമാനത്തിൽ നാട്ടിലെത്തുമെന്ന് അറിയിച്ചത്. ഇതേത്തുടർന്ന് പൊലീസ് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

നിരവധി കേസിൽ പ്രതിയായ അഭിഷേകിനെ മലയിൻകീഴ് പൊലീസ് കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. ഇതിനിടെയാണ് 13ന് നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആക്രമണം നടത്തുകയും 14ന് രാത്രി മറ്റ് മൂന്ന് ഗുണ്ടകളോടൊപ്പം കണ്ണന്നൂരിൽ ആറോളം പേരെ ആക്രമിക്കുകയും വഴിയാത്രക്കാരനായ ആറുകാണി സ്വദേശി പാസ്റ്റർ അരുൾ ദാസിനെ (59) തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത്. കണ്ണന്നൂരിൽ ജയകുമാർ എന്നയാളുടെ മാസങ്ങൾക്ക് മുമ്പ് നിർമ്മിച്ച വീടും ബൈക്കും ഇവർ അടിച്ചുതകർത്തു.

സംഭവത്തിൽ അമ്പൂരി ആശ ഭവനിൽ ജിബിൻ റോയ്,​ സഹോദരൻ അബിൻ റോയ്,​ കാട്ടാക്ക‌ട പന്നിയോട് കുളവുപാറ ചരുവിള വീട്ടിൽ ജിത്തു എന്ന അഖിൽ ലാൽ എന്നിവരെ വെള്ളറട പൊലീസ് നേരത്തേ പിടികൂടിയിരുന്നു. ഇവർ റിമാൻഡിലാണ്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ, വെള്ളറട സി.ഐ ബാബുകുറുപ്പ്, സി.പി.ഒമാരായ പ്രദീപ്, ദീപു, കുമാർ, രാജ്മോഹൻ, ഷൈനു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അഭിഷേകിനെ പിടികൂടിയത്.

വാൾ കൊണ്ട് ആക്രമണം നടത്തിയത് അഭിഷേകാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ മലയിൻകീഴ് പൊലീസ് കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ തിരികെയെത്തി ആക്രമണം നടത്തിയതിന് ഒരുകേസും വെള്ളറട പൊലീസ് നാലുകേസുകളും രജിസ്റ്റർ ചെയ്തു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളുമായി പൊലീസ് ഇന്ന് കണ്ണന്നൂരിൽ തെളിവെടുപ്പ് നടത്തും.

Advertisement
Advertisement